ഇനി ഫോണ്‍ മോഷണം പോയാല്‍ ഭയപ്പെടേണ്ട!, സ്വകാര്യ വിവരങ്ങള്‍ ‘സ്വയം’ ലോക്ക് ചെയ്യും; പുതിയ മൂന്ന് ഫീച്ചറുകളുമായി ഗൂഗിള്‍

Share our post

ന്യൂഡല്‍ഹി: ഇനി ഫോണ്‍ മോഷണം പോയാല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട! ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ‘theft detection lock (തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്) ഫീച്ചര്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അവതരിപ്പിച്ചു.ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്.ഈ ഫീച്ചറുള്ള ഫോണ്‍ മോഷണം പോയാലും ഭയപ്പെടേണ്ടതില്ലെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. മോഷ്ടാവിന് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്തവിധമാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്. തുടക്കം എന്നനിലയില്‍ അമേരിക്കയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്തിടെ വിപണിയിലെത്തിയ ഷവോമി 14ടി പ്രോ ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമേ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഒരു മെഷീന്‍ ലേണിംഗ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് കള്ളന്‍ കാല്‍നടയായോ വാഹനത്തിലോ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍.ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ സ്വയമേവ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് പ്രവേശിക്കും. അവിടെ സ്മാര്‍ട്ട്ഫോണ്‍ തല്‍ക്ഷണം ലോക്ക് ചെയ്യപ്പെടും. ഫോണില്‍ സംഭരിച്ചിരിക്കുന്ന സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് മോഷ്ടാവിനെ പരിമിതപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഒരു മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍.ലോക്ക് ചെയ്ത സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റയില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ഗൂഗിള്‍ ഈ ബീറ്റ ഫീച്ചറുകള്‍ ഓഗസ്റ്റ് മുതല്‍ പരീക്ഷിച്ചുവരികയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലേക്കും ഇവ ലഭ്യമാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!