പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

പട്ടികവർഗ വിഭാഗക്കാരിൽനിന്നുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ‘ഉയരെ’ പദ്ധതിയുമായി പാലക്കാട് ഐ.ഐ.ടി. ടെക്നോളജി ഐ ഹബ് ഫൗണ്ടേഷൻ (ഐ.പി.ടി.ഐ.എഫ്.). കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ എൻ.എം.-ഐ.സി.പി.എസിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ (എസ്.ടി.) വിഭാഗക്കാരായ ഫാക്കൽറ്റി അംഗങ്ങൾ, ഇനവേറ്റർമാർ, സംരംഭകർ എന്നിവർക്ക് ഊർജം, കാർഷികം, സുരക്ഷ, ആരോഗ്യം മുതലായ മേഖലകളിൽ സാങ്കേതികവിദ്യ, ഉത്‌പന്നവികസനത്തിനുള്ള പ്രോജക്ടുകൾ എന്നിവ ഐ.പി.ടി.ഐ.എഫിലേക്ക് നൽകാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം രൂപവരെ സാമ്പത്തികസഹായം ലഭിക്കും. സാങ്കേതിക കണ്ടുപിടിത്തങ്ങൾ വികസിപ്പിക്കാനും ഗോത്രവർഗവിഭാഗത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഉത്‌പന്നങ്ങൾ നിർമിക്കാനുമുള്ള നിർദേശങ്ങളും പരിഗണിക്കും.ഇതോടൊപ്പം പട്ടികവർഗ വിദ്യാർഥികൾക്ക് ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സാമ്പത്തികസഹായത്തോടെ ആറുമാസം ദൈർഘ്യമുള്ള റെസിഡൻഷ്യൽ പരിശീലനം പാലക്കാട് ഐ.ഐ.ടി.യിൽ നടത്തും. കുറഞ്ഞത് പ്ലസ്ടു അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തെ പ്രായോഗിക പരിശീലനവും വ്യക്തിത്വവികസന പരിശീലനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാന മൂന്നുമാസം ഐ.പി.ടി.ഐ.എഫിലോ പങ്കാളിത്തസ്ഥാപനങ്ങളിലോ പഠിച്ച സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ േപ്രാജക്ടുകൾ, ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കാനും അവസരമുണ്ട്. തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് മാസം 10,000 രൂപവരെ സ്റ്റൈപ്പെൻഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾ https://iptif.tech/uyare/ ൽ ലഭിക്കും. ഇ-മെയിൽ-rnd@iptif.tech or upskill@iptif.tech