കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

തിരുവനന്തപുരം: കാഴ്ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷൻ. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവയുമായി ചേർന്നാണ് ‘ദീപ്തി’ പദ്ധതി നടപ്പാക്കുന്നത്.
ദീപ്തി ഇവർക്കായി
പ്രതികൂലസാഹചര്യം കാരണം പഠിക്കാനും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കാനും കഴിയാത്തവരെ എഴുത്തും വായനയും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള 15 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് പഠിതാക്കൾ.അങ്കണവാടികളിലൂടെ നടത്തിയ സർവേയിൽ 2634 പേരെ കണ്ടെത്തിയെങ്കിലും 1514 പേരാണ് പഠനസന്നദ്ധരായത്. പാലക്കാട് ജില്ലയിൽനിന്നാണ് കൂടുതൽപേർ. 371 പഠിതാക്കൾ. കോട്ടയത്താണ് കുറവ്, നാലുപേർ.
പാഠാവലി തയ്യാർ
ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അധ്യാപകഫോറത്തിന്റെ സഹായത്തോടെ ബ്രെയിലി ലിപിയിൽ തയ്യാറാക്കിയ സാക്ഷരതാ പാഠാവലിക്ക് എസ്.സി.ഇ.ആർ.ടി. അംഗീകാരം കിട്ടി. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ തിരുവനന്തപുരം പ്രസിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങൾക്ക് പുറമേ എഴുതിപ്പഠിക്കാൻ പ്രത്യേകതരം 400 സ്ലേറ്റുകൾ ദെഹ്‌റാദൂണിൽനിന്നെത്തിച്ചു. നാലുമാസമാണ് കോഴ്‌സ് കാലാവധി. 160 മണിക്കൂർ പഠനസമയം.കേട്ടുപഠിക്കാനും സൗകര്യമുണ്ട്. പാട്ട്, കഥ, കളികൾ എന്നിവയിലൂടെ പഠനം രസകരമാക്കും. ബ്ലോക്കുതലത്തിൽ സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിലാകും പഠനകേന്ദ്രങ്ങൾ. ഒരുക്ലാസിൽ 15 മുതൽ 20 പേരുണ്ടാകും. തിരഞ്ഞെടുത്ത 71 ഇൻസ്ട്രെക്ടർമാർക്കുള്ള പരിശീലനം കഴിഞ്ഞു. ഒക്‌ടോബർ അവസാനം ക്ലാസ് തുടങ്ങും.