കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കോഴ്‌സില്ലാതിരിക്കുകയും കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസപ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ലാതെ വിദ്യാർഥികൾ.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ എം.എസ്.സി. മാത്‌സ് റെഗുലർ കോഴ്‌സിന് അഡ്മിഷൻ കിട്ടാത്തതിനാൽ വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കാനിരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വന്നതോടെ അവർ നടത്തുന്ന കോഴ്‌സുകൾ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം വഴി നടത്താനാവില്ല.
വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനുള്ള യു.ജി.സി. ഡിസ്റ്റൻസ് ബ്യൂറോയുടെ അംഗീകാരം കാലിക്കറ്റ് സർവകലാശാലയ്ക്കുണ്ട്. എങ്കിലും സർവകലാശാല നടത്തിയിരുന്ന ഒട്ടുമിക്ക കോഴ്‌സുകളും ഓപ്പൺ സർവകലാശാല തുടങ്ങിയതോടെ ഈ വർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടില്ല.കഴിഞ്ഞവർഷം ഓപ്പൺ സർവകലാശാലയുടെ പ്രവേശന നടപടികൾ വൈകിയതിനാലും കോഴ്‌സുകൾ കുറവായതിനാലും കാലിക്കറ്റിന് പ്രവേശനം നടത്താനുള്ള അനുമതി കിട്ടിയിരുന്നു.എം.എസ്.സി. മാത്‌സ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ഇല്ലെങ്കിലും ഒരു കോഴ്സ് മാത്രം നടത്താനുള്ള പ്രയോഗിക ബുദ്ധിമുട്ട് കാരണമാണ് കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാത്തത്.
200-ൽ താഴെ വിദ്യാർഥികളാണ് സാധാരണ എം.എസ്.സി. മാത്‌സ് കോഴ്‌സിന് വിദൂര വിദ്യാഭ്യാസം വഴി ചേരാറുള്ളതെന്ന് അധികൃതർ പറഞ്ഞു.അതേസമയം, കേരളത്തിലെ മറ്റു സർവകലാശാലകൾ ഓപ്പൺ സർവകലാശാല നടത്താത്ത കോഴ്‌സുകളിലേക്ക് പ്രവേശനനടപടികൾ തുടങ്ങിയിട്ടുണ്ട്.ഇഗ്നോ നടത്തുന്ന കോഴ്‌സിൽ എം.എസ്.സി. മാത്‌സിന്റെ കൂടെ കംപ്യൂട്ടർ സയൻസ് കൂടി വരുന്നതിനാൽ പഠിക്കാൻ ബുദ്ധിമുട്ടാണെന്നാണ് വിദ്യാർഥികൾ പറയുന്നു. കാലിക്കറ്റ് സർവകലാശാലയിലും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലും കോഴ്‌സില്ലാത്തതിനാൽ എം.എസ്‌സി. മാത്‌സ് പഠനത്തിന് വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവർക്ക് ഒരുവർഷം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.