‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കും

കണ്ണൂർ:സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിനാരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിൻ നേതൃരംഗത്തിറങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.പ്രാദേശിക തല ഇടപെടലുകൾ നടത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അംഗങ്ങൾക്ക് നിർദേശം നൽകി. സ്‌കൂൾ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണം. വേഗത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസി. എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പ്രസിഡന്റ് ആവശ്യപ്പെട്ടു.ജില്ലയിൽ സ്‌കൂൾ കഫെ പദ്ധതി മികച്ച രീതിയിലാണ് നടപ്പാക്കിവരുന്നത്. പദ്ധതിയുടെ ജില്ലാതല യോഗത്തിന് മുന്നോടിയായി സ്‌കൂൾതല യോഗങ്ങൾ ചേരണം. പ്രാദേശിക യോഗത്തിന് ശേഷം സിഡിഎസ് ചെയർപേഴ്സൺമാരുടെ യോഗം ചേരും.
സ്മൈൽ പദ്ധതിയിൽ പ്രധാന അധ്യാപകർ, പ്രിൻസിപ്പൽ, പി.ടി.എ എന്നിവരുടെ യോഗം വിളിക്കണം.
എട്ടിക്കുളം എം.എ.എസ്ജി.എച്ച്എസ്എസിലെ ഉപയോഗശൂന്യമായ ടോയിലറ്റ് കെട്ടിടം പൊളിച്ചു നീക്കാൻ തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ സർവെ റിപ്പോർട്ട് അംഗീകരിച്ചു. തിരുമേനി ജിഎച്ച്എസ്എസിലെ ഉപയോഗശൂന്യവും അപകടാവസ്ഥയിൽ ഉള്ളതുമായ ടോയിലറ്റ് ബ്ലോക്ക് പരിശോധിച്ച് വാല്യുവേഷൻ റിപ്പോർട്ട് നൽകാൻ എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.ചെറുകുന്ന് ജിഡബ്ല്യുഎച്ച്എസ്എസിന്റെ അറ്റകുറ്റപ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ ഭേദഗതി വരുത്താനും പ്രവൃത്തി പൂർത്തീകരണ കാലാവധി ഒക്ടോബർ 30 നീട്ടി നൽകാനും തീരുമാനിച്ചു. കണ്ണാടിപ്പറമ്പ ജിഎച്ച്എസ്എസിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി നവംബർ 14 വരെ ദീർഘിപ്പിക്കും.യോഗത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. പൊതുമാരമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി സരള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ സുരേഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി ഇൻ ചാർജ് കെ.വി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.