ന്യൂഡല്‍ഹി: 2014-നുമുന്‍പ് ഓപ്ഷന്‍നല്‍കാതെ വിരമിച്ചു എന്ന കാരണത്താല്‍ ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് പ്രതീക്ഷയേകി പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ്. ശമ്പളത്തില്‍നിന്ന് അധികവിഹിതം പിടിക്കാനുള്ള അനുമതി (ഓപ്ഷന്‍) നല്‍കിയത് വിരമിച്ചശേഷമാണ് എന്ന കാരണത്താല്‍മാത്രം ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കരുതെന്ന് കോടതി ഉത്തരവിട്ടു.ഇതോടെ, സമാനസാഹചര്യം നേരിടുന്നവര്‍ക്ക് നിയമപോരാട്ടം നടത്താന്‍ ഉത്തരവിന്റെ പിന്‍ബലംകൂടിയായി. ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റുന്നതിന് കട്ട് ഓഫ് തീയതിയില്ലെന്ന് 2016-ല്‍ ആര്‍.സി. ഗുപ്ത കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍, 2014-ല്‍ കേന്ദ്രം കൊണ്ടുവന്ന എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതിയില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റാന്‍ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേല്‍പ്പരിധി 6500-ല്‍നിന്ന് 15,000 രൂപയാക്കി. ഇതോടൊപ്പം നിലവില്‍ 6500-നു മുകളില്‍ വിഹിതം നല്‍കിയിരുന്നവര്‍ക്ക് 15,000 രൂപയ്ക്കു മുകളിലാക്കാനുള്ള ഓപ്ഷന്‍ നല്‍കാന്‍ സമയപരിധി നിശ്ചയിച്ചു.
2014-ലെ പദ്ധതി കേരള ഹൈക്കോടതി 2018-ല്‍ റദ്ദാക്കുകയും അതിനെതിരായ അപ്പീല്‍ സുപ്രീംകോടതിയിലെത്തുകയും ചെയ്തതോടെ, ആ പേരുപറഞ്ഞ് ഓപ്ഷന്‍ സ്വീകരിക്കുന്നത് ഇ.പി.എഫ്.ഒ. നിര്‍ത്തിവെച്ചിരുന്നു.ഇതോടെ, ആര്‍.സി. ഗുപ്ത കേസിലെ വിധിയുടെ ആനുകൂല്യം ലഭിക്കാത്ത സ്ഥിതിവന്നു. പിന്നീട് 2022 നവംബര്‍ നാലിന് ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന്‍ നല്‍കാന്‍ സുപ്രീംകോടതി സുപ്രധാനവിധിയിലൂടെ അവസരമൊരുക്കിയെങ്കിലും അതിന്റെ ആനുകൂല്യം പുതിയ പദ്ധതി നിലവില്‍വന്ന 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് വിരമിച്ചവര്‍ക്ക് നല്‍കിയില്ല.
അവസരമൊരുങ്ങി
സുപ്രീംകോടതിയുടെ 2022-ലെ വിധി ചൂണ്ടിക്കാട്ടി, ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍പോലും ഇ.പി.എഫ്.ഒ.യില്‍നിന്ന് നോട്ടീസും പ്രതികൂലനടപടികളും നേരിടുകയാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയുടെ ഉത്തരവ് 2014 സെപ്റ്റംബര്‍ ഒന്നിനുമുന്‍പ് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് പ്രതീക്ഷയാകുന്നത്.ഹരിയാണയിലെ മഹേന്ദ്രഗഢ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 2014-നുമുന്‍പ് വിരമിച്ച 37 ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍, 2014-നുമുന്‍പ് വിരമിച്ചവര്‍ക്ക് അന്നത്തെ മേല്‍പ്പരിധിയായ 6500 രൂപയെക്കാള്‍ കൂടുതലായിവാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിഹിതമടയ്ക്കാനായി ഓപ്ഷന്‍ നല്‍കാനാകും. അതുവഴി, യഥാര്‍ഥശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷനും നേടാം.
വെല്ലുവിളികള്‍
പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ഉത്തരവ് പ്രതീക്ഷനല്‍കുന്നുണ്ടെങ്കിലും ഇത് കേന്ദ്രവും ഇ.പി.എഫ്.ഒ.യും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാന്‍ സാധ്യതയേറെയാണ്.അങ്ങനെവന്നാല്‍ 2022 നവംബര്‍ നാലിന്റെ സുപ്രീംകോടതി വിധിയെ എങ്ങനെയാകും വ്യാഖ്യാനിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാകും തീരുമാനം. ആര്‍.സി. ഗുപ്ത വിധിയെ 2022-ലെ വിധിയില്‍ സുപ്രീംകോടതി തള്ളിയിട്ടില്ലെന്നതാണ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം.