പോക്സോ കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും പിഴയും

ചേർത്തല: പന്ത്രണ്ടുവയസ്സുകാരിക്കുനേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. തുറവൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് കളത്തിപ്പറമ്പിൽ ഷിനു (ജോസഫ്-45)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്.2022-ലാണു സംഭവം. അച്ഛനുമമ്മയും ഇല്ലാത്തപ്പോൾ വീട്ടിലെത്തിയ പ്രതി കുട്ടിക്കുനേരേ അതിക്രമം നടത്തുകയായിരുന്നു. ചേർത്തല എ.എസ്.പി.യായിരുന്ന ജുവനക്കുടി മഹേഷ്, ഡിവൈ.എസ്.പി. ടി.ബി. വിജയൻ, കുത്തിയതോട് സബ്ബ് ഇൻസ്പെക്ടർ ജി. അജിത്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീനാകാർത്തികേയൻ, അഡ്വ.വി.എൽ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
ഉത്തരവു വന്നതിനു പിന്നാലെ പ്രതിയുടെ ആത്മഹത്യാശ്രമം
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലെ കോടതിയിലെ ശൗചാലയത്തിൽ കയറിയ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. കൈയിൽ കരുതിയിരുന്ന ഉറുമ്പുപൊടി പോലുള്ളവസ്തു കഴിച്ചതായാണ് വിവരം. ചുമയ്ക്കുന്നതുകേട്ട് കാവലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഉടൻ ഇയാളെ പുറത്തെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി. അപകടനില മാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു.