വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ ഇരട്ടി പിഴ ഈടാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ നിയമംലംഘിച്ചാല്‍ ഇരട്ടി പിഴ ഈടാക്കാന്‍ ശുപാര്‍ശ. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയിലാണ് ശിക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുള്ളത്. സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനാണ് നിര്‍ദേശം.വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായുള്ള യാത്രകളില്‍ നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍ ഇരട്ടി പിഴ അടയ്‌ക്കേണ്ടിവരും.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വാടകയ്ക്കും പാട്ടത്തിനും എടുക്കുന്ന വാഹനങ്ങള്‍ക്കും റോഡ് നികുതി ഇളവുള്ള എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് (ഇ.ഐ.ബി.) പെര്‍മിറ്റ് ലഭിക്കും. നിലവില്‍ സ്ഥാപനങ്ങളുടെ സ്വന്തംവാഹനങ്ങള്‍ക്ക് മാത്രമാണ് ഇ.ഐ.ബി. പെര്‍മിറ്റ് നല്‍കിയിരുന്നത്.ഇത്തരം വാഹനങ്ങള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയും ഒഴിവാക്കാനാണ് തീരുമാനം.