മഞ്ഞ, പിങ്ക് റേഷൻ കാർഡ്: മസ്റ്ററിങ് മൂന്ന് മുതൽ എട്ട് വരെ

Share our post

കണ്ണൂർ: മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. ഓഗസ്റ്റ്, സപ്തംബർ മാസങ്ങളിൽ ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.കടകളിൽ എത്താൻ കഴിയാത്ത കിടപ്പു രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇ-മസ്റ്ററിങ് വീടുകളിൽ എത്തി നടത്തും. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ-കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്.

മസ്റ്ററിങ് നടത്തിയോ എന്ന് ഓൺലൈൻ വഴി പരിശോധിക്കാം. ഇതിനായി epos.kerala.gov.in/SRC_Trans_Int.jsp വെബ്സൈറ്റിൽ കയറി റേഷൻ കാർഡ് നമ്പർ അടിച്ചു കൊടുക്കുക. തുടർന്ന് സബ്മിറ്റ് ചെയ്താൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കും. ഓരോ അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി EKyc സ്റ്റേറ്റസ് കാണാം. അതിൽ Done എന്നാണ് കാണുന്നത് എങ്കിൽ അവർ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നർഥം.എന്നാൽ Not Done എന്നാണെങ്കിൽ ഇല്ല എന്നർഥം. അവരാണ് റേഷൻ കടകളിൽ പോയി മസ്റ്ററിങ് നടത്തേണ്ടത്. ഇന്ത്യയിൽ എവിടെ വച്ചും മസ്റ്ററിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങ്ങിന് വരുമ്പോൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!