ചരക്ക് വാഹന ഉടമകളുടെയും തൊഴിലാളികളുടെയും പണിമുടക്ക് നാലിന്

ഓള്‍ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലിന് സംസ്ഥാന വ്യാപകമായി ചരക്ക് വാഹന തൊഴിലാളികളും ലോറി ഉടമകളും ഏജന്‍റുമാരും 24 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും.ചരക്ക് വാഹന തൊഴിലാളികളുടെയും ഉടമകളുടെയും ഉപജീവനത്തിനെതിരെ കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന നിയമം പിന്‍വലിക്കുക, നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയും അമിത പിഴ ഈടാക്കലും അവസാനിപ്പിക്കുക, ഖനന കേന്ദ്രങ്ങളില്‍ ജിയോളജി പെര്‍മിറ്റ് നല്‍കുന്നതിനും വേ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനും മറ്റുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.പണിമുടക്കിന്‍റെ ഭാഗമായി ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ രാവിലെ പത്തിന് സംയുക്ത പ്രകടനവും തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിക്കും. പത്ര സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാര്‍ താവം ബാലക്യഷണന്‍, കെ.പി. സഹദേവന്‍, എം.എ. കരീം, എം. പ്രേമരാജന്‍, സി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.