കൊല്ലം: വേണാട് എക്സ്പ്രസിലെ അനിയന്ത്രിതമായ തിരക്കിന് പരിഹാരമായി രണ്ട് പുതിയ ട്രെയിനുകൾ റെയിൽവേയുടെ പരിഗണനയിൽ. കൊല്ലം-എറണാകുളം സ്പെഷൽ, പുനലൂർ – എറണാകുളം മെമു എന്നിവയാണ് റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലുള്ളത്.പുനലൂർ – എറണാകുളം റൂട്ടിൽ മെമു സർവീസ് ആരംഭിക്കുന്നതിന് നിലവിൽ റേക്കുകൾ ലഭ്യമല്ല. 12 കോച്ചുകൾ ഉള്ള മെമു ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഊർജിതമായി നടക്കുന്നുണ്ട്. എട്ട് റേക്കുകൾ ലഭിച്ചാലും തിരക്കിന് ഒരു പരിധിവരെ പരിഹാരമാകും.
അത് ലഭിക്കുന്നത് വൈകുകയാണെങ്കിൽ കൊല്ലം – എറണാകുളം റൂട്ടിൽ അൺ റിസർവ്ഡ് പാസഞ്ചർ സ്പെഷൽ ഓടിക്കാനാണ് ദക്ഷിണ റെയിൽവേ അധികൃതരുടെ നീക്കം. ഈ ആഴ്ച തന്നെ പുതിയ ട്രെയിൻ ആരംഭിക്കാൻ കഴിയും എന്ന സൂചനകളാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്നത്.ഇത് സംബന്ധിച്ച ഉത്തരവിനായി അധികൃതർ കാത്തിരിക്കുകയാണ്.പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും മധ്യേ ആയിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുക.അതേസമയം വേണാട് എക്സ്പ്രസിൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തുന്നതും അധികൃതരുടെ പരിഗണയിൽ ഉണ്ട്. കോച്ചുകൾ കൂട്ടിയാൽ ചില സ്റ്റേഷനുകളിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്ലാറ്റ്ഫോമുകൾക്ക് നീളക്കുറവ് ഉള്ള സ്റ്റേഷനുകളിൽ ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പ്രത്യേകിച്ച് വേണാട്-തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുമ്പോൾ ലേഡീസ് കോച്ചിൽ സഞ്ചരിക്കുന്നവരാണ് ഇതിന്റെ ദുരിതം കൂടുതൽ അനുഭവിക്കുക.ഏതാനും മാസം മുമ്പ് മംഗലാപുരം- കന്യാകുമാരി പരശുറാം എക്സ്പ്രസിൽ തിരക്ക് ഒഴിവാക്കാൻ പുതുതായി രണ്ട് ജനറൽ കോച്ചുകൾ ഏർപ്പെടുത്തുകയുണ്ടായി. ഇതോടെ പല സ്റ്റേഷനുകളിലും ട്രെയിൻ എത്തുമ്പോൾ ലേഡീസ് കോച്ചും ഗാർഡ് റൂമും അംഗ പരിമിതരുടെ കോച്ചും പ്ലാറ്റ്ഫോമും കഴിഞ്ഞാണ് വന്ന് നിൽക്കുന്നത്.
ഇത് കാരണം ലേഡീസ് കമ്പാർട്ട്മെന്റിൽ കയറാനും ഇറങ്ങാനും സ്ത്രീകൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. മാത്രമല്ല ട്രെയിൻ കൂടുതൽ സമയം നിർത്തിയിടേണ്ടിയും വരുന്നു. ഇതിന് പരിഹാരം കാണണമെങ്കിൽ ലേഡീസ് കോച്ചുകൾ ട്രെയിനിന്റെ മധ്യഭാഗത്ത് സ്ഥാപിക്കേണ്ടി വരും.അപ്പോഴും ചില സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ ഈ ബുദ്ധിമുട്ട് തുടരുകയും ചെയ്യും.അതേസമയം മംഗലാപുരത്ത് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിന് പോകുന്ന ഏറനാട് എക്സ്പ്രസിന് എറണാകുളത്തിനും തിരുവനന്തപുരത്തിനും മധ്യേ കൂടുതൽ സ്റ്റോപ്പ് അനുവദിച്ചാൽ വേണാടിലെ വൈകുന്നേരത്തേ തിരക്ക് അൽപ്പമെങ്കിലും കുറയ്ക്കാൻ കഴിയുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.