കേരളത്തിന് കേന്ദ്രം 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചു

Share our post

കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം ഉത്തരവിട്ടു. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ്റെ ബാർഹ് 1 & 2 നിലയങ്ങളിൽ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കുക.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരം കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഊർജ്ജ വകുപ്പ് സെക്രട്ടറിയെയും ജോയിൻ്റ് സെക്രട്ടറിമാരെയും സന്ദർശിച്ച് കേരളം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയെപ്പറ്റി വിശദീകരിച്ചിരുന്നു. തുടർന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയവുമായി നിരന്തരമായ കത്തിടപാടുകൾ നടത്തുകയും ചെയ്തു.

വൈദ്യുതി പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഇപ്പോൾ 177 മെഗാവാട്ട് വൈദ്യുതി അനുവദിക്കാൻ തീരുമാനമായിട്ടുള്ളത്. 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെയാണ് വൈദ്യുതി ലഭ്യമാവുക. വേനൽക്കാലത്തെ വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഇത് വലിയതോതിൽ കേരളത്തിന് സഹായകമാകും. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ, യൂണിറ്റിന് 5 രൂപയിൽ താഴെ വൈകീട്ട് 6 മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭിക്കും എന്ന സവിശേഷതയുമുണ്ട്. ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്.ഉപഭോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള സർക്കാരിൻ്റെയും കെ എസ് ഇ ബിയുടെയും പരിശ്രമത്തിൻ്റെ ഭാഗമായാണ് കേന്ദ്രത്തോട് കൂടുതൽ വൈദ്യുതി അനുവദിക്കാൻ അഭ്യർത്ഥിച്ചത്. നിലവിൽ 2025 മാർച്ച് 31 വരെയാണ് 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേക്കു കൂടി ഈ വൈദ്യുതി ലഭ്യമാക്കണമെന്ന് കെ എസ് ഇ ബി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

ആറുമാസത്തേക്ക് പ്രതിമാസം 200 മുതൽ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയും ഏപ്രിലിലുമാണ് വൈദ്യുതി ലഭിക്കുക. ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ 24.8 ശതമാനം വരെ വർദ്ധനയുണ്ടാകാനിടയുണ്ടെന്ന് കെഎസ്ഇബി കമ്മീഷനെ അറിയിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!