ഇരവികുളം ദേശീയോദ്യാനം (രാജമല) സന്ദര്‍ശിക്കാനെത്തുന്നവരുടെ സൗകര്യത്തിന് ഏര്‍പ്പെടുത്തിയ ബഗ്ഗി കാറുകള്‍ വനംവകുപ്പിന് നേട്ടമാകുന്നു. ദിവസം ശരാശരി 50000 മുതല്‍ 70000 രൂപ വരെ വരുമാനമാണ് ബഗ്ഗി കാറുകള്‍ വഴി ലഭിക്കുന്നത്. ഒരുലക്ഷത്തിന് അടുത്ത് വരുമാനം കിട്ടിയ ദിവസവുമുണ്ട്.സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായി ഉദ്യാനം ചുറ്റിക്കാണുന്നതിനാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബഗ്ഗി കാറുകള്‍ രാജമലയില്‍ ഉപയോഗിക്കുന്നത്. 2022 ഏപ്രില്‍ ആണ് ആദ്യ ബഗ്ഗി കാര്‍ ഉദ്യാനത്തിലെത്തിച്ചത്. പിന്നീട് നാലെണ്ണം കൂടി കൊണ്ടുവന്നു.
അഞ്ച് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് ഓരോന്നിന്റെയും മുടക്ക് മുതല്‍. നിരവധി സഞ്ചാരികള്‍ സേവനം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ മുടക്കുമുതലും പിന്നിട്ട് അധികവരുമാനം നേടിയിരിക്കുകയാണ്.ഉദ്യാനത്തിന്റെ പ്രവേശന കവാടമായ അഞ്ചാംമൈലില്‍നിന്നും തുടങ്ങുന്നതും ഉദ്യാനത്തിനുള്ളില്‍ രാജമലയില്‍നിന്ന് തുടങ്ങുന്നതുമായി രണ്ട് ബഗ്ഗി സര്‍വീസുകളാണ് നിലവിലുള്ളത്. അഞ്ചാംമൈലില്‍നിന്ന് തുടങ്ങുന്ന ബഗ്ഗി കാറിന് 7,500 രൂപയാണ് നിരക്ക്. പരമാവധി ആറ് മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാനാകും. രണ്ടുമണിക്കൂര്‍ നേരം ഉദ്യാനത്തില്‍ ചുറ്റിസഞ്ചരിച്ച് വരയാടുകളെ തൊട്ടടുത്ത് കാണാം. രാജമലയില്‍നിന്ന് തുടങ്ങുന്ന ബഗ്ഗി സര്‍വീസില്‍ ഉദ്യാനം ചുറ്റിക്കാണുന്നതിന് ഒരാള്‍ക്ക് 800 രൂപയാണ് ഈടാക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും ബഗ്ഗി കാറുകള്‍ ഏറെ പ്രയോജനപ്രദമാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് പൂര്‍ണമായി റീചാര്‍ജ് ചെയ്യാവുന്ന ബഗ്ഗി കാറുകള്‍ പകല്‍ മുഴുവന്‍ സര്‍വീസ് നടത്താനാകും.ഉദ്യാനത്തെ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് വനംവകുപ്പ് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജമലയില്‍നിന്നുള്ള ബഗ്ഗി കാറില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇപ്പോള്‍ യാത്ര പൂര്‍ണമായും സൗജന്യമാണ്.ഇതിനൊപ്പം ഉദ്യാനത്തെ കാര്‍ബണ്‍ മുക്തമാക്കുന്നതിനായി നിലവിലുള്ള ഡീസല്‍ ബസുകള്‍ ഒഴിവാക്കി പുതിയ ഏഴ് ഇലക്ട്രിക് ബസുകള്‍ എത്തിക്കുന്നുണ്ട്. ഇതോടെ ഉദ്യനത്തിലെ ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും പൂര്‍ണമായി ഒഴിവാകും. ഉദ്യാനത്തെ കാര്‍ബണ്‍ നെഗറ്റീവാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിന്റെ സി.എസ്.ആര്‍. ഫണ്ടില്‍നിന്നാണ് ബസുകള്‍ക്കായുള്ള തുക അനുവദിക്കുന്നത്.
ഉപയോഗപ്പെടുത്തുന്നത് നിരവധി പേര്‍
-നിധിന്‍ലാല്‍
(അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഇരവികുളം)
നിരവധി സന്ദര്‍ശകരാണ് ഉദ്യാനത്തിലെ ബഗ്ഗി കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്തുന്നത്. തിരക്കേറിയ ദിവസങ്ങളില്‍ 99,000 രൂപ വരെ വരുമാനം ലഭിച്ചിട്ടുണ്ട്. മുടക്ക് മുതലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയനേട്ടമാണ്. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും ബഗ്ഗി കാര്‍ ഏറെ പ്രയോജനപ്രദമാണ്.