പുഷ്പന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കോഴിക്കോട്ടു നിന്ന് ആരംഭിച്ചു; സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ

കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുഷ്പന് വിട നല്‍കി കോഴിക്കോട്. പുഷ്പന്‍ സ്ഥിരമായി ചികിത്സയ്‌ക്കെത്തിയിരുന്ന കോഴിക്കോട് നഗരത്തില്‍നിന്ന് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായി കണ്ണൂര്‍ തലശ്ശേരിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററില്‍ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ച ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.വിലാപയാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളില്‍ ആംബുലന്‍സ് നിര്‍ത്തി പുഷ്പനെ അവസാനമായി ഒരുനോക്ക് കാണാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കും. വിലാപയാത്രയ്ക്കുശേഷം തലശ്ശേരി ടൗണ്‍ഹാള്‍, ചൊക്ലി രാമവിലാസം സ്‌കൂള്‍ എന്നിവിടങ്ങളിലും പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ട് അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടുപരിസരത്താണ് പുഷ്പന്റെ മൃതദേഹം സംസ്‌കരിക്കുക.കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വർഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്പൻ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. 1994 നവംബർ 25-ന് കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്കിന്റെ ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.വി.രാഘവനെ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് കരിങ്കൊടി കാട്ടുന്നതിനിടെ കഴുത്തിലാണ് പുഷ്പന് വെടിയേറ്റത്. സുഷുമ്നാനാഡിക്ക് വെടിയേറ്റതോടെ കഴുത്തിന് താഴേക്ക് തളർന്നിരുന്നു.