കരുവൻചാല്‍ പുതിയ പാലം ഡിസംബറില്‍ തുറക്കും

ആലക്കോട്: മലയോര ഹൈവേയില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടുള്ള കരുവൻചാലില്‍ പുതിയതായി നിർമ്മാണം നടന്നുവരുന്ന പാലത്തിന്റെ അവസാനഘട്ട പ്രവൃത്തി അടുത്ത മാസത്തോടെ പൂർത്തിയാകും. മഴ മാറുന്നതോടെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും ആരംഭിച്ച് ഡിസംബർ മാസത്തോടെ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആറ് പതിറ്റാണ്ട് പഴക്കമുള്ളതും വീതി കുറഞ്ഞതുമായ കരുവൻചാല്‍, ആലക്കോട് എന്നിവിടങ്ങളിലെ പാലങ്ങള്‍ തകർച്ചാഭീഷണിയിലായതിനെത്തുടർന്ന് പതിറ്റാണ്ട് കാലമായി നാട്ടുകാർ പുതിയ പാലത്തിനായി മുറവിളി കൂട്ടുകയായിരുന്നു. ഇതില്‍ ആലക്കോട് പാലത്തിന്റെ നിർമാണം ഇക്കഴിഞ്ഞ ജനുവരിയില്‍ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തു. എന്നാല്‍ കരുവൻചാല്‍ പാലത്തിന്റെ നിർമാണപ്രവൃത്തി പിന്നെയും നീണ്ടു പോവുകയായിരുന്നു.പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കരുവൻചാല്‍ ടൗണിന്റെ മുഖഛായ തന്നെ മാറും. പാലത്തിന്റെ കൈവരിയുടെ നിർമ്മാണമാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
11 മീറ്റർ വീതി,50 മീറ്റർ നീളം,5.8 കോടി രൂപ എസ്റ്റിമേറ്റ് തുകയില്‍ നിർമ്മാണം ആരംഭിച്ച കരുവൻചാല്‍ പാലത്തിന് 11 മീറ്റർ വീതിയും 50 മീറ്റർ നീളവുമുണ്ട്. തളിപ്പറമ്ബ് -മണക്കടവ് കൂർഗ് ബോർഡർ സംസ്ഥാന പാതയും മലയോര ഹൈവേയും ഇതുവഴി കടന്നു പോകുന്നതിനാല്‍ വീതി കുറഞ്ഞ പഴയ പാലത്തിലെ ഗതാഗതക്കുരുക്ക് വാഹനയാത്ര ദുഷ്‌കരമാക്കുന്നു.2022 ഡിസംബർ 18 നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കരുവൻചാല്‍ പാലത്തിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്.