ടൂറിസം രംഗത്ത് നിര്‍ണായക നീക്കവുമായി ഇന്ത്യ; ഒരു ലക്ഷം സഞ്ചാരികള്‍ക്ക് വിസ സൗജന്യം

Share our post

ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ക്ക് വിസ ഇളവ് പ്രഖ്യാപനവുമായി ഇന്ത്യ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ലോക ടൂറിസം ദിനമായ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ സഞ്ചാരികളില്‍ നിന്ന് വിസ ഫീസ് ഈടാക്കില്ല. രാജ്യത്തിന്റെ ടൂറിസം സാധ്യതകളെ ലോകത്തിന് മുന്‍പില്‍ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം വകുപ്പ് വ്യോമയാനം, റെയില്‍വേ ഉള്‍പ്പടെയുള്ള വകുപ്പുകളുമായും സംസ്ഥാന സര്‍ക്കാരുകളുമായും സഹകരിച്ച് ഈ ഡെസ്റ്റിനേഷനുകളെ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കും. ഈ ഡെസ്റ്റിനേഷനുകളെ ലോക നിലവാരത്തില്‍ നവീകരിക്കും. ഇന്ത്യന്‍ ടൂറിസത്തിന്റെ പര്യായങ്ങളായി ഈ ടൂറിസം കേന്ദ്രങ്ങള്‍ മാറും.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ടൂറിസം മേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രാദേശികവാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും.

ഒരു ലക്ഷം വിദേശികള്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ചത് രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെത്താന്‍ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ജപ്പാന്‍, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് ഇന്ത്യ വിസ ഓണ്‍ അറൈവല്‍ പ്രഖ്യാപിച്ചിരുന്നു. 60 ദിവസം വരെയാണ് ഇതിന്റെ കാലാവധി. ഇത് കൂടുതല്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!