മരണം മുന്നില്‍ കണ്ട നിമിഷം; യാത്രക്കാരന് രക്ഷയായി പൊലീസുകാരന്‍, കണ്ണൂർ റെയിൽവേ ഉദ്യോഗസ്ഥന് പ്രശംസ

കണ്ണൂര്‍: മരണം മുന്നില്‍ കണ്ടിടത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ വന്നവരെക്കുറിച്ചുള്ള ‘അത്ഭുതകഥകള്‍’ വായിക്കാറില്ലേ. ചെറിയ ജാഗ്രതക്കുറവിന്റെ പുറത്ത് അപകടത്തിലേക്ക് കാല്‍വഴുതി വീണവര്‍ക്ക് രക്ഷകരായ ‘മിന്നല്‍ മുരളി’മാരെ കുറിച്ചും കേള്‍ക്കാറുണ്ട്. ഇക്കാര്യങ്ങള്‍ അന്വര്‍ത്ഥമാക്കുന്ന ഒരു സംഭവമാണ് ഇന്ന് രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചത്.
നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി പുറത്തേക്ക് വീണ വയോധികന് രക്ഷകനായ ഒരു പൊലീസുകാരന്റെ ഇടപെടലാണ് പ്രശംസ നേടുന്നത്. ചായ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു വയോധികന്‍. അതിനിടെ ട്രെയിന്‍ നീങ്ങി തുടങ്ങി. പതുക്കെ നീങ്ങിയ ട്രെയിനിലേക്ക് ചായയുമായി കയറിയ യാത്രക്കാരന് പക്ഷെ പിടി ഉറപ്പിക്കാനായില്ല.
പിന്നോട്ടേക്ക് മറിഞ്ഞ യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വഴുതിവീഴുകയായിരുന്നു.ഹൃദയം നിലയ്ക്കുന്ന സമയം എന്ന് പറയട്ടെ, തൊട്ടടുത്തുനിന്ന പൊലീസുകാരന്റെ കരങ്ങള്‍ അദ്ദേഹത്തിന് രക്ഷയായി. സെക്കന്റുകള്‍ക്കിടയില്‍ അദ്ദേഹത്തെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു.