പുതിയ ഐ.ഒ.എസ് 18 അപ്ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വോയ്സ് മെയില്‍. വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള ഈ സംവിധാനം ഒരു കാലത്ത് ഇന്ത്യയിലെ ഇന്ത്യയിലെ ടെലികോം കമ്പനികള്‍ പെയ്ഡ് സേവനമായി നല്‍കിയിരുന്നതാണ്. എന്നാല്‍ ആപ്പിള്‍ ഐഫോണില്‍ ഈ വോയ്സ് മെയില്‍ അപ്ഡേറ്റ് വന്നതറിയാത്ത ഉപഭോക്താക്കളും ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും ശ്രദ്ധിക്കുക. നിങ്ങളുടെ സ്വകാര്യതയ്ക്ക് ചിലപ്പോള്‍ ഈ ഫീച്ചര്‍ ഭീഷണിയായി മാറിയേക്കാം.
എന്താണ് വോയ്സ് മെയില്‍ ?
അടിസ്ഥാനപരമായി ശബ്ദ സന്ദേശം അയക്കുന്ന സംവിധാനമാണിത്. ഒരാളെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍, താന്‍ എന്തിനാണ് വിളിച്ചത് എന്ന് അയാളെ അറിയിക്കാനുള്ള ലളിതമായൊരു സേവനം. നിങ്ങള്‍ ഒരു ഐഫോണ്‍ ഉടമയെ ഫോണ്‍ ചെയ്യുമ്പോള്‍ നിശ്ചിത സമയം ഫോണ്‍ റിങ് ചെയ്തിട്ടും ആ കോള്‍ അയാള്‍ എടുത്തില്ലെങ്കില്‍, വോയ്സ് മെയല്‍ സംബന്ധിച്ച ശബ്ദ സന്ദേശം കേള്‍ക്കാം. ആ ശബ്ദ സന്ദേശത്തിന് ശേഷം ഒരു ബീപ്പ് ശബ്ദം വരും. അത് കേട്ടാലുടന്‍ നിങ്ങള്‍ക്ക് പറയാനുള്ളത് എന്താണോ അത് പറയുക.
നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടും. ഒപ്പം അപ്പുറത്തുള്ളയാള്‍ക്ക് നിങ്ങള്‍ പറയുന്ന സന്ദേശം ടെക്സ്റ്റ് ആയി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്തത് തത്സമയം സ്‌ക്രീനില്‍ കാണാനാവും. ട്രാൻസ്ക്രിപ്റ്റ് സേവനം ഇംഗ്ലീഷിലാണ് പ്രവർത്തിക്കുക. ശബ്ദം ഏത് ഭാഷയിലായാലും റെക്കോര്‍ഡ് ചെയ്യപ്പെടും.
നിങ്ങൾ വോയ്സ് മെയിൽ റെക്കോർഡ് ചെയ്യുന്നതായി മറുവശത്തുള്ളയാൾക്ക് അറിയാനാവും. ഇംഗ്ലീഷിലാണ് നിങ്ങൾ സന്ദേശം പറയുന്നതെങ്കിൽ അത് തത്സമയം സ്കീനിൽ കാണുകയും ചെയ്യാം. ഈ സമയത്തും വേണമെങ്കില്‍ അയാള്‍ക്ക് കോള്‍ എടുക്കാം.
വോയ്സ് മെയിൽ സന്ദേശം പറഞ്ഞുകഴിഞ്ഞാലുടൻ നിങ്ങൾക്ക് കോൾ കട്ട് ചെയ്യാം. ഉടന്‍ തന്നെ നിങ്ങള്‍ അയച്ച വോയ്‌സ് മെയില്‍ സന്ദേശം ഓഡിയോ ഫയല്‍ ആയി മറുവശത്തുള്ളയാളുടെ ഐഫോണിലെ ഫോണ്‍ ആപ്പിലെ വോയ്‌സ് മെയില്‍ വിഭാഗത്തില്‍ എത്തിയിട്ടുണ്ടാവും. ഫോണ്‍ വിളിക്കുന്നത് എന്തെങ്കിലും അത്യാവശ്യ കാര്യത്തിനാണെങ്കില്‍ അത് മറുവശത്തുള്ളയാളെ അറിയിക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
വോയ്സ് മെയില്‍ പാരയാകുന്നതെങ്ങനെ ?
ഉപകാരപ്രദമായ ഒരു ഫീച്ചര്‍ ആണെങ്കിലും, ഐഫോണ്‍ ഉടമകള്‍ക്കും ആന്‍ഡ്രോയിഡ് ഉടമകള്‍ക്കും ഈ സേവനം ഒരുപോലെ പാരയായേക്കും. എങ്ങനെയെന്ന് പറയാം. ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐഫോണിലേക്ക് നമ്മള്‍ വിളിക്കുമ്പോള്‍. ആറ് തവണ റിങ് ചെയ്തതിന് ശേഷമാണ് വോയ്‌സ് മെയില്‍ ഫീച്ചര്‍ ആക്ടിവേറ്റ് ആവുക. ഈ സമയം ശബ്ദ സന്ദേശം പറയാനുള്ള നിര്‍ദേശം കേള്‍ക്കാം. ഐഫോണിലെ വോയ്‌സ് മെയില്‍ ഫീച്ചറിനെ കുറിച്ച് അറിയാത്ത ആളുകള്‍ ഇത് പഴയ ‘നമ്പര്‍ തിരക്കിലാണ്’ എന്ന സന്ദേശമാണെന്ന് തെറ്റിദ്ധരിച്ചേക്കാം.
പ്രശ്‌നം അവിടെയല്ല, ഈ വോയ്സ് മെയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സന്ദേശം വരുന്ന സമയം മുതല്‍ കോള്‍ അറ്റന്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടോക്ക് ടൈം ടൈമര്‍ സ്‌ക്രീനില്‍ കാണാം. ഈ സന്ദേശത്തിന് ശേഷം വരുന്ന ബീപ്പ് ശബ്ദം കഴിഞ്ഞാല്‍ നിങ്ങള്‍ പറയുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടും.നേരത്തെ 30 സെക്കന്റ് റിങ്ങ് കഴിഞ്ഞാല്‍ കോള്‍ കട്ടാവുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ഐഫോണിലേക്ക് വിളിക്കുമ്പോള്‍ വോയ്‌സ് മെയില്‍ ആരംഭിച്ച് 2 മിനിറ്റ് വരെ കോള്‍ ഓട്ടോമാറ്റിക് ആയി കട്ടാവില്ല. പിന്നീട് കോള്‍ കട്ട് ചെയ്ത് കഴിഞ്ഞാലോ ഓട്ടോമാറ്റിക് ആയി കോള്‍ കട്ട് ആയാലോ അത്രയും നേരം നിങ്ങളുടെ ശബ്ദം അടക്കം നിങ്ങളുടെ ഫോണിന് ചുറ്റുപാടുമുള്ള ശബ്ദം റെക്കോർഡ് ചെയ്യപ്പെടുകയും അത് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കുകയും ചെയ്യും.
ഫോണ്‍ ചെയ്ത് ചെവിയില്‍ വെക്കാതെ കൗണ്ടിങ് ആരംഭിക്കുന്നത് വരെ കാത്തിരിക്കുന്ന ചിലരുണ്ട്. വോയ്‌സ് മെയില്‍ റെക്കോര്‍ഡിങ് ആരംഭിച്ചതറിയാതെ മറുവശത്തുള്ളയാളെ ചീത്തവിളിക്കുകയോ മറ്റോ ചെയ്താല്‍ പണി പാളിയേക്കാം. അതല്ലാതെ രഹസ്യ സ്വഭാവമുള്ള നിങ്ങളുടെ സംഭാഷണങ്ങളും ഈ രീതിയില്‍ നിങ്ങളറിയാതെ റെക്കോര്‍ഡ് ചെയ്യപ്പെട്ടേക്കാം. 2 മിനിറ്റ് വരെ ശബ്ദം റെക്കോര്‍ഡ് ചെയ്യുപ്പെടുമെന്ന് ഓര്‍ക്കണം.
ശ്രദ്ധിക്കേണ്ടത്!
അതിനാല്‍ ഇനി മറ്റൊരാളെ ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന അറിയിപ്പ് ശ്രദ്ധിക്കണം. വോയ്‌സ് മെയില്‍ സന്ദേശമാണ് കേള്‍ക്കുന്നത് മറുവശത്തുള്ളത് ഐഫോൺ ആണെന്ന് ഉറപ്പിക്കാം. ഈ സന്ദേശം കേൾക്കുകയാണെങ്കിൽ ഒന്നുകില്‍ ബീപ്പ് ശബ്ദത്തിന് ശേഷം നിങ്ങള്‍ക്ക് പറയാനുള്ള വിവരം പറഞ്ഞതിന് ശേഷം കോള്‍ കട്ട് ചെയ്യുക. അല്ലെങ്കില്‍, മറ്റൊന്നും പറയാതെ അല്‍പ്പനേരം കാത്തിരുന്ന് കോള്‍ കട്ട് ചെയ്യാം.