ജില്ലയിലെ ജലടൂറിസം സാധ്യതകൾ പരിചയപ്പെടുത്തി നിക്ഷേപക സംഗമം

Share our post

കണ്ണൂർ: ടൂറിസം വകുപ്പ് ജില്ലയിലെ അഞ്ചു പുഴകളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ / ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും സംരംഭകർക്ക് അവസരം ലഭ്യമാക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിച്ചു .മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നടന്ന നിക്ഷേപ സംഗമം ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാകുവാൻ മാസങ്ങൾ മാത്രം മതിയെന്നും ജില്ലയിലെ ടൂറിസം രംഗത്ത് അനന്ത സാധ്യതകൾ സൃഷ്ടിച്ച് നിരവധിയായ ടൂറിസം പദ്ധതികളുടെ പ്രവർത്തനങ്ങൾ അതിവേഗം നടക്കുകയാണെന്നും അവർ പറഞ്ഞു.

ജില്ലയിലെ ജല ടൂറിസം സാധ്യതകൾ നിക്ഷേപകർക്ക് ഡി.ടി.പി.സി പരിപാടിയിൽ പരിചയപ്പെടുത്തി. പെരുമ്പ (കവ്വായി കായൽ), കുപ്പം, വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകളിലെ ബോട്ട് ജെട്ടികൾ/ടെർമിനലുകൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകൾ ചെയ്യാൻ കഴിയുന്ന പദ്ധതികൾ, നിബന്ധനകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തിൽ വിശദീകരിച്ചു.

ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള എയർ കണ്ടീഷൻ ബോട്ടുകളുടെ അടക്കം നടത്തിപ്പ് വിവരങ്ങളും സംഗമത്തിൽ പങ്കുവെച്ചു.തുടർന്ന് നിക്ഷേപകർ ഇത്തരം ടൂറിസം കേന്ദ്രങ്ങൾ വിജയകരമായി നടത്തിക്കൊണ്ടു പോകാൻ വേണ്ട സൗകര്യങ്ങൾ ഡിടിപിസിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിക്ഷേപകർ അവരുടെ ആശയങ്ങളും പരിപാടിയിൽ പങ്കുവെച്ചു.അസി കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, ബിആർഡിസി മാനേജിങ് ഡയറക്ടർ പി ഷിജിൻ, ഡിടിപിസി മാനേജർ എ അരുൺ കൃഷ്ണ, സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ടി കെ സൂരജ് എന്നിവർ സംസാരിച്ചു .അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർമാർ, ബോട്ട് ഓപ്പറേറ്റർമാർ, ട്രാവൽ ആൻഡ് ടൂറിസം ട്രേഡ് അസോസിയേഷനുകൾ, പുരവഞ്ചികളുടെ ഉടമസ്ഥർ, ടൂറിസം മേഖലയിലെ വിവിധ ഓപ്പറേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!