വയനാട്ടിലെ മനോഹരമായ വെള്ളച്ചാട്ടം മാസങ്ങളായി അടഞ്ഞുകിടക്കുന്നു; നിരാശയോടെ സഞ്ചാരികള്‍

മഴയുടെ മര്‍മരങ്ങള്‍തേടി ബാണാസുര മീന്‍മുട്ടിയിലും സഞ്ചാരികളുടെ തിരക്കായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയ മീന്‍മുട്ടി അടഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടു. ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലങ്ങുവീണതോടെയാണ് മീന്‍മുട്ടിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. വനംവകുപ്പിലെ താത്കാലികജീവനക്കാരായിട്ടുള്ള അന്‍പതോളം പേര്‍ക്കും ഇതോടെ ജീവിതവഴിയടഞ്ഞു. എന്നു തുറക്കുമെന്ന ചോദ്യവുമായി ഇവരും കാത്തിരിക്കുകയാണ്.
ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്ന് വിളിപ്പാടകലെമാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. കാപ്പിക്കളത്തുനിന്നും ഒരു കയറ്റം കയറിയാല്‍ കാഴ്ചയുടെ വാതില്‍ തുറക്കുകയായി. തനിമമാറാത്ത പച്ചപ്പിനുള്ളില്‍ സ്വഭാവികമായ കാഴ്ചകള്‍മാത്രമാണ് ഇവിടെയുള്ളത്. ഏതുമഴയത്തും ഇത്തിരി മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം. വെള്ളച്ചാട്ടത്തിനു തൊട്ടരികില്‍വരെ എത്താന്‍പാകത്തിലാണ് ഇവിടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
മറുനാടന്‍സഞ്ചാരികളുടെ കേന്ദ്രം
കര്‍ണാടകയിലെയും മറ്റുസംസ്ഥാനങ്ങളിലെയും ഉഷ്ണഭൂമിയില്‍നിന്നുമെത്തുന്നവര്‍ക്ക് ഈ വിനോദകേന്ദ്രം നല്‍കിയത് കുളിരുള്ള യാത്രാനുഭവമാണ്. വേനല്‍ക്കാലത്ത് കീഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറിവേണം ഇവിടെയെത്താന്‍. ഇതിനായി റോപ്പ് ഒരുക്കിയിട്ടുണ്ട്. വനംവകുപ്പാണ് ഇവിടെ വനസംരക്ഷണസമിതിയുടെ സഹകരണത്തോടെ ടൂറിസം നടപ്പാക്കിയിരുന്നത്. ഇതിനകം ആയിരക്കണക്കിന് സഞ്ചാരികള്‍ ഈ കേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.
നീലഗിരിയില്‍മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായിവളരുന്ന അടിക്കാടുകളും ജൈവസമ്പുഷ്ടതയുള്ള വനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. ഇതിന്റെയെല്ലാം സാമീപ്യമറിയാന്‍ കഴിയുന്ന ബാണാസുര മീന്‍മുട്ടിയില്‍ വേനല്‍ക്കാലത്തും സഞ്ചാരികളുടെ വരവ് അവസാനിക്കുന്നില്ല.
ബാണാസുരമലയിലേക്കുള്ള ട്രക്കിങ്ങിനും ഇവിടെ സൗകര്യമുണ്ടായിരുന്നു. മൂന്നുമണിക്കൂര്‍ നീളുന്ന ട്രക്കിങ്ങിന് പത്തുപേര്‍ക്ക് 750 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. ഗൈഡിന്റെ സേവനവും ഇവിടെയുണ്ടായിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന്റെ കീഴിലുള്ള ഈ വിനോദകേന്ദ്രത്തിന്റെ മേല്‍നോട്ടം വാരാമ്പറ്റ വനസംരക്ഷണസമിതിക്കാണ്. നിയമകുരുക്കുകള്‍ മറികടന്ന് കേന്ദ്രം തുറക്കുമെന്നാണ് സഞ്ചാരികളുടെയും പ്രതീക്ഷ.