ഐഫോണ്‍, ഐപാഡ് ഉടമകള്‍ ഉടന്‍ ഡിവൈസ് അപ്‌ഡേറ്റ് ചെയ്യുക, മുന്നറിയിപ്പുമായി കേന്ദ്രം

ഐഫോണ്‍, ഐപാഡ് ഉടമകള്‍ ഉടന്‍ തന്നെ അവരുടെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐ.ഒ.എസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). സുരക്ഷാ സംബന്ധമായ മുന്നറിയിപ്പായാണ് ഏജന്‍സി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഐഫോണിലും, ഐപാഡിലും, മാക്കിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ സേര്‍ട്ട്ഇന്‍ കണ്ടെത്തിയിട്ടുണ്ട്. ഐ.ഒ.എസ് 18 നും ഐപാഡ് ഒഎസ് 18 ഉം മുമ്പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഐപാഡുകളിലും മാക് ഒഎസ് 14.7 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന മാക് കംപ്യൂട്ടറുകളിലുമാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. വിവരങ്ങള്‍ മോഷ്ടിക്കാനും, ഉപകരണങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും ഉള്‍പ്പടെ വിവിധ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ കുറ്റവാളികളെ പ്രാപ്തരാക്കുന്ന പ്രശ്‌നങ്ങളാണിവ.
ഐ.ഒ.എസ് 18 അപ്‌ഡേറ്റിനും ഐപാഡ് ഒഎസ് 18 അപ്‌ഡേറ്റിനും അനുയോജ്യമല്ലാത്ത ഐഫോണുകളിലും ഐപാഡുകളിലും ഐ.ഒ.എസ് 17.7 ഒ.എസും ഐപാഡ് ഒഎസ് 17.7 ഉം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സേര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നു. ഐ.ഒ.എസ് 18 ന് ഒപ്പമാണ് ഐഒഎസ് 17.7 അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കിയത്.വിഷന്‍ പ്രോ, ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ച്, സഫാരി ഉള്‍പ്പടെയുള്ള മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളും അപ്‌ഡേറ്റ് ചെയ്യാന്‍ സേര്‍ട്ട്-ഇന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേര്‍ട്ട്-ഇന്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ആപ്പിള്‍ ഇതിനകം പരിഹരിക്കുകയും അപ്‌ഡേറ്റ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.