വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് മൂന്ന് മാസം; സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍, നിരാശരായി സഞ്ചാരികള്‍

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുമാസങ്ങള്‍ക്കു മുമ്പ് അടച്ച വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ നടപടിയില്ല. ചില്ലുപാലത്തില്‍ കയറാനായി കിലോമീറ്ററുകള്‍ താണ്ടി വാഗമണ്ണില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു.സര്‍ക്കാരിനും വലിയ സാമ്പത്തികനഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. മേയ് 30-ന് കാലാവസ്ഥ പ്രതികൂലമായതോടെയാണ് അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം വാഗമണ്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ചില്ലുപാലം അടയ്ക്കുകയും ചെയ്തു.
സമുദ്രനിരപ്പില്‍നിന്നും 3,500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ മലമുകളില്‍ നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബര്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമര്‍പ്പിച്ചത്. ആദ്യം 500 രൂപയായിരുന്നു പ്രവേശന നിരക്ക്. പിന്നീട് 250 രൂപയാക്കി കുറച്ചു. ചില്ലുപാലത്തെക്കുറിച്ച് അറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.ഒരുദിവസം 1500 സന്ദര്‍ശകര്‍ക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിക്കാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇതിലേറെ സഞ്ചാരികള്‍ ദിവസേന എത്തി. ഒരേസമയം 15 പേര്‍ക്ക് ചില്ലുപാലത്തില്‍ കയറാമായിരുന്നു. അഞ്ചു മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒന്‍പതുമാസംകൊണ്ട് ഡി.ടി.പി.സി.ക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനവും ലഭിച്ചു. ചില്ലുപാലത്തില്‍ കയറുന്നവരില്‍നിന്ന് ഈടാക്കുന്ന പണം 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും 40 ശതമാനം ഡി.ടി.പി.സി.ക്കുമാണ്.