മുന്‍കൂട്ടി തിരിച്ചറിയാന്‍ മാര്‍ഗമില്ല; കര്‍ഷകര്‍ക്ക് കണ്ണീരായി കായ്ക്കാത്ത പൈനാപ്പിള്‍ ചെടികള്‍

Share our post

മച്ചന്‍ കാനികള്‍ (ഫലം നല്‍കാത്ത പൈനാപ്പിള്‍ ചെടികള്‍) പൈനാപ്പിള്‍ കര്‍ഷകരെ വലയ്ക്കുന്നു. ചെറുകിട കര്‍ഷകര്‍ക്കാണ് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇവ നന്നായി വളരുമെങ്കിലും കായ്ക്കില്ല. ചില തോട്ടങ്ങളില്‍ ഇത്തരത്തിലുള്ളവ വ്യാപകമായി ഉണ്ടാകും. ഇതോടെ കര്‍ഷകന്റെ ഒരുവര്‍ഷത്തെ പ്രയത്‌നം വെറുതേയാകും. നടുന്ന അവസരത്തില്‍ ഇവ തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്‌നം. കാഴ്ചയില്‍ നല്ല കരുത്തും ഭംഗിയും ഉണ്ടായിരിക്കും. അതിനാല്‍ത്തന്നെ മികച്ച കാനികള്‍ എന്ന് കരുതിയാണ് ഇവ നടുക. എന്നാല്‍, വിളവെടുപ്പ് സമയമായാലും ഇവയൊന്നും കായ്ക്കില്ല.

വളര്‍ച്ചയെത്തുന്ന പൈനാപ്പിള്‍ ചെടിയില്‍നിന്നാണ് തുടര്‍കൃഷിക്കുള്ള തൈകള്‍ പൊട്ടുക. ഇത് മൂന്നില്‍ക്കൂടുതല്‍ കാണില്ല. എന്നാല്‍ കായ്ഫലം നല്‍കാത്തവയില്‍, കാഴ്ചയില്‍ കരുത്തുള്ള നല്ല നിരവധി കാനികള്‍ പൊട്ടും. ഇവ നടുന്നവരാണ് കുടുങ്ങുന്നത്. ചിലപ്പോള്‍ ഫലം നല്‍കുന്നവയില്‍നിന്ന് ശേഖരിക്കുന്ന മുകുളങ്ങളിലും ചിലത് മച്ചന്‍ കാനികള്‍ ആയിരിക്കും.കുറഞ്ഞ മാസങ്ങള്‍കൊണ്ട് കൃഷിയിറക്കി വിളവെടുക്കാന്‍ കഴിയുമെന്നതാണ് പൈനാപ്പിള്‍ കൃഷിയുടെ പ്രത്യേകത. പരിപാലിച്ചാല്‍ പത്തുമാസമാകുമ്പോള്‍ ഒരുമിച്ച് വിളവെടുക്കാം. മികച്ച വില കിട്ടുന്ന സമയം മുന്‍കൂട്ടി മനസ്സിലാക്കി ആസമയത്ത് വിളവെടുക്കാന്‍ പാകത്തില്‍ കൃഷിയിറക്കുകയും ചെയ്യാം. ഹോര്‍മോണ്‍ പ്രയോഗംവഴി പൈനാപ്പിള്‍ കാനിയില്‍ കൂട്ടത്തോടെ കായ്ഫലം ഉണ്ടാക്കാന്‍ കഴിയും.

നല്ല വിലയുള്ളപ്പോള്‍ കിലോയ്ക്ക് അന്‍പതുരൂപവരെ കിട്ടും. വിലയിലെ ഏറ്റക്കുറച്ചില്‍ നഷ്ടത്തിനും ഇടയാക്കും. എങ്കിലും മറ്റു കൃഷികളെ അപേക്ഷിച്ച് ഒരുമിച്ച് വിറ്റ് പണം നേടാമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. ഈ സാധ്യത മുതലാക്കാന്‍ ധാരാളം ചെറുകിട കര്‍ഷകരും ഈ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇവര്‍ക്കാണ് മച്ചന്‍കാനിമൂലം ഏറെ നഷ്ടം. ഹോര്‍മോണ്‍ പ്രയോഗം നടത്തിക്കഴിഞ്ഞാണ് ചിലത് കായ്ഫലം തരാത്തവയാണെന്ന് തിരിച്ചറിയുക. അതോടെ കര്‍ഷകന്റെ ഒരുവര്‍ഷത്തെ പ്രയത്‌നം വിഫലം.ഇവ വ്യാപകമായി ഇല്ലെന്നും, കള്ളക്കാനികള്‍ തിരിച്ചറിയാന്‍ നിലവില്‍ സംവിധാനമില്ലെന്നും ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ബിനി പറഞ്ഞു. നടുന്നതിനായി ഇടനിലക്കാരില്‍നിന്ന് കാനികള്‍ വാങ്ങരുത്. തോട്ടത്തിലെത്തി നേരിട്ടുകണ്ട് കാനികള്‍ വാങ്ങുക എന്നതാണ് ഇത്തരം അവസ്ഥ ഒഴിവാക്കാനുള്ള മാര്‍ഗമെന്നും ബിനി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!