ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു. പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ(50)യെ ഭർത്താവ് സുരേന്ദ്രൻപിള്ളയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കൈകൾ രണ്ടും കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകശേഷം ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനിലെത്തിയ സുരേന്ദ്രൻ പിള്ള, താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു.ഇരുവരും മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലുമാണ്. മൂത്ത മകന്റെ ഭാര്യ സംഭവം നടന്ന വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഇവർ അയൽപക്കത്തെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു കൊലപാതകം നടന്നത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന സരസ്വതി അമ്മ കഴിഞ്ഞ വർഷമാണ് ജോലിയിൽനിന്ന് വിരമിച്ചത്.