ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരുടെ കരളില്‍ കൊഴുപ്പടിയുന്നതിലൂടെ ഉണ്ടാകുന്ന സിറോസിസ് പ്രതിരോധിക്കാന്‍ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠനം. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) രോഗികളില്‍ സിറോസിസ് സാധ്യത കുറയ്ക്കാന്‍ ആരോഗ്യകരമായ ഉറക്കത്തിനാകുമെന്ന് പറയുന്നത്.1,12,196 നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് രോഗികളിൽ നടത്തിയ ഗവേഷണത്തിൽ ഉറക്കമില്ലായ്മ ക്രമേണ സിറോസിസിലേക്ക് നയിക്കുമെന്ന് വ്യക്തമായി.
രോഗം വരാന്‍ ജനിതകമായി സാധ്യതയുള്ളവരിലും കൃത്യമായ ഉറക്കത്തിന്റെ ഗുണങ്ങള്‍ പ്രതിഫലിച്ചതായി ഹെപ്പറ്റോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കരളിന് കൂടുതല്‍ പരിക്കേല്‍ക്കുമ്പോള്‍ കേടുവന്ന കലകളും (tissues) കൂടും. അങ്ങനെ കരളിന്റെ രൂപം തന്നെ മാറിപ്പോകുന്ന അവസ്ഥയാണ് സിറോസിസ് എന്ന് അറിയപ്പെടുന്നത്.’ഉറക്കത്തിന് മതിയായ പ്രാധാന്യം പലരും നല്‍കുന്നില്ല എന്നതിന്റെ തെളിവാണ് ഈ പഠനമെന്ന്’ എക്‌സില്‍ ആരോഗ്യ സമ്പന്ധമായ വിവരങ്ങള്‍ പങ്കുവെക്കുന്ന ഡോ. എബി ഫിലിപ്പ് അഭിപ്രായപ്പെട്ടു.ഉറങ്ങാന്‍ വൈകുന്നത് ടൈപ്പ് -2 ഡയബറ്റീസ് പിടിപെടാനുള്ള സാധ്യത കൂട്ടുന്നുവെന്നും പഠനങ്ങളുണ്ട്. ഉറങ്ങാന്‍ ഓരോ മണിക്കൂര്‍ വൈകുംതോറും ടൈപ്പ് -2 ഡയബറ്റീസ് നേരത്തെ പിടിപെടാനുള്ള സാധ്യത 52 ശതമാനം കൂട്ടുന്നുവെന്ന് പഠനത്തില്‍ പറയുന്നു.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്
കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ചുശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവര്‍ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളില്‍ കൊഴുപ്പ് അടിയുമ്പോള്‍ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളില്‍ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
ലക്ഷണങ്ങള്‍
മിക്കയാളുകളിലും ഫാറ്റി ലിവര്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരില്‍ ക്ഷീണവും വയറിന്റെ മുകളില്‍ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അള്‍ട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോള്‍ കരളില്‍ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെല്‍ത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോള്‍ കരളിലെ എന്‍സൈമുകള്‍ (AST, ALT) ഉയര്‍ന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളില്‍ നീര്‍വീക്കം വരുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് നാഷ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങള്‍ നശിക്കുകയും, അത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.