എല്ലാ സഞ്ചാരികളുടെയും ഹൃദയം കവരുന്ന കാനന സൗന്ദര്യമാണ് ഗവി. കാട്ടരുവികളും, ചോലകളും, മഞ്ഞുപുതഞ്ഞ മലനിരകളും, കോടമഞ്ഞും, ആഞ്ഞടിക്കുന്ന കുളിര്‍ കാറ്റും… എല്ലാം ഏറെ പുതുമകള്‍ പകരുന്ന കാഴ്ച. ചുരുക്കത്തില്‍ ഗവിയിലേക്കുള്ള യാത്ര ആരെയും ഹരംകൊള്ളിക്കും. ഗവിയെ ജനകീയമാക്കിയതില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിനുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും യിലേക്ക് ബഡ്ജറ്റ് പാക്കേജ് ഒരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി.അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ചേര്‍ന്നുള്ള ഒറ്റ പാക്കേജാണിത്. ചുരുക്കത്തില്‍ ഒറ്റയാത്രയില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിക്കിടക്കുന്ന ഈ അത്യപൂര്‍വ കാഴ്ചകള്‍ ഒറ്റയാത്രയില്‍ കാണാനാവും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് അനുയോജ്യമായ തിയ്യതികളിലെ പാക്കേജുകള്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. പത്തനംതിട്ടയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് ഈ യാത്ര ഒരു ദിവസത്തില്‍ പൂര്‍ത്തിയാക്കാമെങ്കിലും മറ്റ് ജില്ലക്കാര്‍ക്ക് രണ്ട് ദിവസം വേണ്ടി വരും.
കാനന സുന്ദരി ഗവി
ദിവസം മുഴുവന്‍ കോടമഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന മലനിരകളും പുല്‍മേടുകളും. ഏതുസമയവും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന നൂല്‍മഴയും… ചിലപ്പോളത് കലിതുള്ളുന്ന ഭാവത്തിലുമാകും. നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഗവി സമുദ്രനിരപ്പില്‍നിന്നു മൂവായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലില്‍ പോലും കുളിര്‍മയാണ്. മലമുകളില്‍നിന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ തൂവെള്ള നിറത്തില്‍ താഴേക്ക് നുരഞ്ഞൊഴുകുന്ന കാട്ടുചോലകള്‍ ഗവിയുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പാക്കേജുകളില്‍ ഏറ്റവും ജനപ്രിയ പാക്കേജ് കൂടിയാണ് ഗവി. കുറഞ്ഞ കാലത്തിനിടെ ആയിരത്തോളം ട്രിപ്പുകളാണ് ഗവിയിലേക്ക് കെ.എസ്.ആര്‍.ടി.സി നടത്തിയത്. ഗവിയിലേക്കുള്ള യാത്രയില്‍ സീതത്തോട് കൊച്ചാണ്ടിയില്‍നിന്നാണ് കാഴ്ചകള്‍ തുടങ്ങുന്നതെന്ന് ബജറ്റ് ടൂറിസം സെല്‍ ജീവനക്കാര്‍ പറയുന്നു. പിന്നീടങ്ങോട്ട് 60 കിലോമീറ്റര്‍ വനയാത്രയാണ്. കക്കിസംഭരണി പിന്നിട്ടാല്‍ ആനക്കൂട്ടം മേഞ്ഞുനടക്കുന്ന കുന്നുകള്‍ കാണാനാകും. കാട്ടുപോത്തുകള്‍, പുള്ളിമാനുകള്‍, കടുവ, പുലി തുടങ്ങിയവയെയും യാത്രാമധ്യേ കാണാനാകും.
കൊടുംകാട്ടിലെ കുട്ടവഞ്ചിയാത്ര- അടവി
കോന്നിയിലെ കല്ലാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. പശ്ചിമഘട്ടത്തിന്റെ മധ്യത്തില്‍ നില്‍ക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദര്‍ശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അടവിയിലെ പ്രധാന ആകര്‍ഷണം കല്ലാര്‍ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ്. കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാര്‍ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.
നട്ടുച്ചയ്ക്ക് പോലും കോട നിറയുന്ന പരുന്തുംപാറ
പരന്നപാറകള്‍ നിറഞ്ഞ സ്ഥലമായത് കൊണ്ടാണ് പ്രദേശത്തിന് പരുന്തുംപാറ എന്ന പേര് ലഭിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3600 അടി ഉയരത്തിലുള്ള വിശാലമായ പ്രദേശം കാണാന്‍ ദേശീയ പാത കുട്ടിക്കാനം-കുമളി റൂട്ടില്‍ കല്ലാര്‍ കവലയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കണം. കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പിനെ ഓര്‍മപ്പെടുത്തുന്ന അഗാധമായ കൊക്കകളാണ് ഇവിടെയുള്ളത്. ഉന്മേഷം നല്‍കുന്ന കാറ്റും കാഴ്ചകളും നട്ടുച്ചയ്ക്ക് പോലും നിറയുന്ന കോടമഞ്ഞുമാണ് പരുന്തുംപാറയുടെ പ്രത്യേകത. ആലപ്പുഴ അടക്കമുള്ള തീരദേശങ്ങളുടെ വിദൂര കാഴ്ചയും മകരജ്യോതി ദര്‍ശനവും സാധ്യമാണ്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിരസ്സിന്റെ രൂപസാദൃശ്യമുള്ള പാറയും ഇവിടെയുണ്ട്. പീരുമേട് പഞ്ചായത്തിന്റെ അധീനതയിലുള്ള പരുന്തുംപാറയില്‍ പ്രവേശനം സൗജന്യമാണ്. അഗാധമായ കൊക്കയുടെ അരികിലൂടെയുള്ള നടത്തം അപകടം നിറഞ്ഞതാണ്. ഓഫ് റോഡ് സവാരിക്ക് വിലക്കുണ്ട്.
പാക്കേജുകള്‍ ബുക്ക് ചെയ്യാം
ഈ പാക്കേജ് ബുക്ക് ചെയ്യാനായി താഴേ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാം
തിരുവനന്തപുരം:
9447479789
കൊല്ലം
9747969768
പത്തനംതിട്ട :
9744348037
ആലപ്പുഴ
9846475874
കോട്ടയം.
9447223212
ഇടുക്കി
9446525773
എറണാകുളം
9447223212
തൃശൂര്‍
9747557737
പാലക്കാട്
8304859018
മലപ്പുറം
8590166459
കോഴിക്കോട്
9544477954
കണ്ണൂര്‍
9526863675
വയനാട്
8921185429