മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 14 വരിയില്‍ പറപറക്കാം; പുതിയ പദ്ധതി പ്രഖ്യാപിച്ചു

പുണെ: മെട്രോ നഗരങ്ങളായ മുംബൈയേയും ബെംഗളൂരുവിനേയും ബന്ധിപ്പിച്ചുകൊണ്ട് 14 വരിയുള്ള പുതിയ റോഡ് വരുന്നു. കേന്ദ്ര ഉപരിത ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടല്‍ സേതു കടല്‍പ്പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പുണെയ്ക്ക് സമീപത്തുകൂടെയാണ് ബെംഗളൂരുവിലേക്ക് പോകുക.എഞ്ചിനീയര്‍മാരുടെ ദിനമായ ഞായറാഴ്ച കോളേജ് ഓഫ് എഞ്ചിനീയറിങ് പുണെ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. നിര്‍ദിഷ്ട പാതയില്‍ നിന്ന് റിങ് റോഡ് വഴി പുണെയില്‍ എത്താമെന്നതിനാല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മുംബൈ-പുണ എക്‌സ്പ്രസ് വേയിലെ തിരക്ക് 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
റോഡ് നിര്‍മ്മാണത്തില്‍ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ ഗഡ്കരി ഏകദേശം 80 ലക്ഷം ടണ്‍ മാലിന്യം റോഡ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി വ്യക്തമാക്കി. ഈ മേഖലയില്‍ ഗവേഷണത്തിന് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.അടുത്ത 25 വര്‍ഷത്തിനകം രാജ്യത്തെ മുഴുവന്‍ വാഹങ്ങളും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാകുമെന്നും അദ്ദേഹം പ്രവചിച്ചു. വാഹനരംഗത്ത് ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.