ഇതു നല്ല മാതൃക; തിരക്കിനിടയില്‍ നുഴഞ്ഞുകയറിയ ബസിനെ ഏറ്റവും പിന്നിലെത്തിച്ച് ട്രാഫിക് പോലീസ്

Share our post

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹനനിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധത്തില്‍ സ്വകാര്യ ബസ് ദിശതെറ്റി മുന്നോട്ടു കയറിവന്നത് കണ്ട പോലീസാണ് ബസിനെ പിന്നോട്ടെടുപ്പിച്ചത്.

നിരയുടെ അവസാനം ജൂബിലി റോഡ് എത്തുന്നതു വരെ ബസ് പിന്നോട്ട് നീക്കിച്ചു. ദേശീയപാതയില്‍ ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണ്. ട്രാഫിക് പോലീസ് ഇല്ലാത്ത സമയത്താണ് കൂടുതലായും ഇങ്ങനെ വാഹനങ്ങള്‍ ദിശതെറ്റിച്ച് മുന്നോട്ടെടുക്കുന്നത്.

ഓണം അടുത്തതോടെ ഒരാഴ്ചയോളമായി അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്കും അതിരൂക്ഷമാണ്. പെരിന്തല്‍മണ്ണയില്‍നിന്ന് അങ്ങാടിപ്പുറം എത്തണമെങ്കില്‍പ്പോലും മണിക്കൂറുകളെടുക്കും. പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍നിന്ന് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം വരെ റോഡിന് നടുവില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയിലെ വിടവുകളിലൂടെ വാഹനങ്ങള്‍ ദിശതെറ്റിക്കയറി വരുന്നത് പതിവാണ്.

ഇത് വന്‍ അപകട സാധ്യതയാണുണ്ടാക്കുന്നത്. മുന്‍പും ദിശതെറ്റിച്ച് മുന്നോട്ടുകയറിയ വാഹനങ്ങള്‍ക്കെതിരേ പോലീസ് നടപടിയെടുത്തിരുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!