കൊച്ചി: ഓണാഘോഷത്തില്‍ പ്രധാനം സദ്യതന്നെ. രണ്ടു കൂട്ടം പായസവും കൂടെ പഴം, പപ്പടം, പരിപ്പ്, നെയ്യ്, ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, പച്ചടി, കിച്ചടി തുടങ്ങിയ വിഭങ്ങള്‍കൂടി ആകുമ്പോള്‍ സദ്യ കേമം. മലയാളിക്ക് ഓണസദ്യ വിളമ്പാന്‍ കാറ്ററിങ്-ഹോട്ടല്‍ മേഖല മത്സരിക്കുകയാണ്. ഓഗസ്റ്റ് അവസാന വാരം മുതല്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ഏതാണ്ട് അത്തം തുടങ്ങിയതോടെ പലരും ബുക്കിങ് ക്ലോസ് ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40-60 ശതമാനം അധിക ബുക്കിങ് ഇത്തവണയുണ്ട്.
ഓഫീസുകള്‍, കോളേജുകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള വലിയ ഓര്‍ഡറുകള്‍ക്ക് പുറമേ, വീടുകളില്‍നിന്ന് സദ്യ ബുക്ക് ചെയ്തവരുടെയും എണ്ണം ഇത്തവണ കൂടി. കല്യാണസീസണും കാറ്ററിങ് മേഖലയ്ക്ക് ഉണര്‍വേകി. 350-400 കോടി രൂപയുടെ സദ്യ ബിസിനസാണ് ഇത്തവണ ഓണക്കാലത്ത് കേരളത്തില്‍ നടക്കുന്നതെന്ന് മേഖല കണക്കാക്കുന്നു.
സദ്യ ഓര്‍ഡറുകളില്‍ 60 ശതമാനവും തിരുവോണ ദിവസത്തേക്കുള്ളതാണ്. കുറഞ്ഞത് അഞ്ച് പേരുടെ സദ്യകളാണ് മുന്‍കൂട്ടി സ്വീകരിച്ചത്. അഞ്ച് പേര്‍ക്ക് ശരാശരി 1,750-2,000 രൂപയാണ് നിരക്ക്. ഹോട്ടലുകളില്‍ കുറഞ്ഞത് ഒരാള്‍ക്ക് 250 രൂപ മുതല്‍ സദ്യ ലഭിക്കും. വിഭവങ്ങളുടെ എണ്ണത്തിനനുസരിച്ച് വിലയില്‍ വ്യത്യാസംവരുമെന്ന് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. പാക്ക് ചെയ്തു നല്‍കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ പലരും ചെറിയ ഓര്‍ഡറുകള്‍ എടുക്കുന്നില്ല.
വലിയ ഹോട്ടലുകളില്‍ വില കൂടുതലാണ്. കുറഞ്ഞത് 800 രൂപ മുതലാണ് വില. വലിയ നക്ഷത്ര ഹോട്ടലുകളില്‍ നികുതി ഉള്‍പ്പെടെ ഇത് 2,600 രൂപയോളം വരും. വന്‍കിട ഹോട്ടലുകളില്‍ തിരുവോണ ദിവസത്തേക്കുള്ള സദ്യയുടെ ബുക്കിങ് ഉയര്‍ന്നിട്ടുണ്ട്. വീടുകളിലേക്കുള്ള ഓര്‍ഡറുകളും എടുക്കുന്നുണ്ട്. ഇലയടക്കം പ്രത്യേകം ബോക്‌സിലാണ് സദ്യ എത്തുക.
ഇലയിട്ടോണം
സദ്യ ബുക്കിങ് ഉയരുന്നതിനനുസരിച്ച് ഇലയുടെ ആവശ്യവും കൂടും. ഇത്തവണ കേരളത്തിലേക്കുള്ള ഇലവരവ് കൂടിയിട്ടുണ്ട്. സാധാരണ 10 ദിവസം കൊണ്ട് അഞ്ച് കോടി രൂപയുടെ ഇലയാണ് സംസ്ഥാനത്ത് വില്‍ക്കുന്നതെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ വില്പനയില്‍ 20 ശതമാനം വര്‍ധനയാണ് മേഖല പ്രതീക്ഷിക്കുന്നത്.
ഓണം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കോര്‍പ്പറേറ്റ് സദ്യ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് രൂപ മുതലാണ് ഇലയുടെ വില ആരംഭിക്കുന്നത്. എന്നാല്‍, നല്ല വീതിയുള്ള തൂശ നില ഒന്നിന് അഞ്ചു രൂപ വിലയുണ്ട്. ഓഗസ്റ്റ് ആദ്യവാരം തന്നെ 70 ശത മാനം ഓര്‍ഡറും ലഭിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. കൂടുതലും കാറ്ററിങ് മേഖലയില്‍നിന്നാണ് ഓര്‍ഡര്‍. കല്യാണസീസണ്‍ കൂടിയായതി നാല്‍ ഇലയ്ക്ക് ഡിമാന്‍ഡാണ്.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്ക് ആവശ്യത്തിന് ഇലകള്‍ എത്തിയിട്ടുണ്ട്. നാടന്‍ ഇലകള്‍ നഗരപ്രദേശങ്ങളില്‍ കിട്ടാനില്ല. ഇളം മഞ്ഞകലര്‍ന്ന ഇലയാണ് സദ്യയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ഞാലിപ്പൂവന്‍, തേന്‍വാഴ ഇലകളാണ് സദ്യയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. അഞ്ച്, 10 ഇലകള്‍ വരുന്ന കെട്ടുകളാണ് വീടു കളിലേക്ക് പ്രധാനമായും വില്‍ക്കുന്നത്. അതേസമയം, പേപ്പര്‍ വാഴയില കളും വില്പനയ്ക്കായുണ്ട്.