വില്പനയിൽ ബംബറടിച്ച് ഓണം ബംബർ ലോട്ടറി

കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബംബർ ലോട്ടറിയുടെ വില്പനയിൽ വൻ വർധന.ജില്ലാ ലോട്ടറി ഓഫീസിൽ നിലവിൽ എത്തിയ 1,50,000 ടിക്കറ്റിൽ 1,43,600 ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. ഭാഗ്യാന്വേഷികൾ കൂടിയതോടെ ലോട്ടറി ഓഫീസിലെ ടാർഗറ്റ് 5,40,000 ടിക്കറ്റായി ഉയർന്നു.വരുംദിവസങ്ങളിൽ കൂടുതൽ ടിക്കറ്റ് എത്തും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ടിക്കറ്റ് വില്പനയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. കടകളിൽ നിന്ന് മാത്രമല്ല, റോഡിരികിൽ നടന്ന് ടിക്കറ്റ് വില്പന നടത്തുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്.തിരുവോണം ബംബർ ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്.
അന്ന് സംസ്ഥാനത്ത് ആകെ 10 ലക്ഷം ടിക്കറ്റുകൾ ആയിരുന്നു അച്ചടിച്ചിരുന്നത്. എന്നാൽ, ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറ് ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റുപോയി.പത്ത് സീരീസുകളിലായി ഒന്നാം സമ്മാനം നൽകുന്നത് 25 കോടി രൂപയാണ്. ഒന്നാം സമ്മാനത്തിന് അർഹമാകുന്ന ടിക്കറ്റിന്റെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല, ഓണം ബംബറിന്റെ പ്രത്യേകത. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വിതം 20 പേർക്ക് ലഭിക്കും. സമ്മാനം നേടുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളാണ്.മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി 10 പേർക്ക് അഞ്ച് ലക്ഷം രൂപ വീതംu നൽകും. അഞ്ചാം സമ്മാനമായി 10 പേർക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. കൂടാതെ, 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.500 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബർ ഒൻപതിനാണ് നറുക്കെടുപ്പ്.