സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

Share our post

ന്യൂഡൽഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വർഷമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംമായിരുന്നു. വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12 ന് ചെന്നൈയിൽ യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദര രാമ റെഡ്‌ഡിയിൽ നിന്നു പി. സുന്ദരയ്യയായി മാറിയ സി.പി.എമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കു ശേഷം ആന്ധ്രയിൽനിന്നു സി.പി.എം ജനറൽ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.

അച്‌ഛന്റെ അച്‌ഛൻ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്‌ഛൻ കന്ധ ഭീമ ശങ്കരറാം ചെന്നൈയിൽ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്‌ജിയും. ഗുണ്ടൂരിൽ പ്രവർത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലെ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്‌ഛന്റെ സ്‌ഥലം മാറ്റങ്ങൾക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി; വിജയവാഡയിൽ റയിൽവേ സ്‌കൂളിലും വീണ്ടും ഹൈദരാബാദിലെ ഓൾ സെയിന്റ്‌സ് സ്‌കൂളിലും. യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967–68 ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്‌ഛനു ഡൽഹിയിലേക്കു സ്‌ഥലംമാറ്റം. അവിടെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളിൽ ഒരു വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സിൽ ശാസ്‌ത്ര വിഷയങ്ങൾ പഠിച്ചു, ഒപ്പം കണക്കും.

സെന്റ് സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്‌സിൽ ഒന്നാം ക്ലാസുമായി ജെ.എൻ.യുവിൽ ഇക്കണോമിക്‌സ് എം.എയ്ക്ക് ചേർന്നു. മൂന്നു തവണ ജെഎൻയു യൂണിയന്റെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്‌ഥയിൽ ജെഎൻയു തിളച്ചുമറിയുന്ന കാലത്താണു മേനക ആനന്ദിനെ (പിന്നീടു മേനക ഗാന്ധി) ജെ.എൻ.യുവിലെ സ്‌കൂൾ ഓഫ് ലാംഗ്വേജസിൽ കയറുന്നതു തടഞ്ഞെന്ന പേരിൽ യച്ചൂരിയുൾപ്പെടെ പലരെയും പൊലീസ് പിടികൂടുന്നത്.1984 ൽ എസ്‌.എഫ്‌.ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വർഷം സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ടിനൊപ്പം സ്‌ഥിരം ക്ഷണിതാവുമായി. പിറ്റേ വർഷം കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.1996 ൽ യച്ചൂരിയും പി. ചിദംബരവും എസ്. ജയ്‌പാൽ റെഡ്‌ഡിയും ചേർന്നിരുന്ന് ഐക്യമുന്നണി സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004 ൽ യു.പി.എ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാൻ യച്ചൂരിയും ജയ്‌റാം രമേശും ഒത്തുകൂടി. ഇന്ദ്രാണി മജുംദാറാണ് ഭാര്യ. മകൻ: പരേതനായ ആശിഷ് യച്ചൂരി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!