ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം; കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്

Share our post

എം.വിശ്വനാഥൻ

കേളകം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ചട്ട വിരുദ്ധമായി കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയാണ് ക്രമക്കേട് നടത്തിയത്. ക്ഷീര വികസന വകുപ്പ് 2023 ൽ പുറപ്പെടുവിച്ച 52 നമ്പർ സർക്കുലർ പ്രകാരമുള്ളസ്‌റ്റോർ പർച്ചേഴ്‌സ് റൂളാണ് അട്ടിമറിക്കപ്പെട്ടത്. ഇത് കാരണം സംഘത്തിന് ലഭിക്കേണ്ട കമ്മീഷൻ തുകയിൽ ഭീമമായ നഷ്ടമുണ്ടായതായി ജില്ലാതല ഇൻസ്‌പെക്ഷൻ ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു.അംഗീകൃത ഡീലർമാരെ ഒഴിവാക്കി നടത്തിയ പർച്ചേയ്‌സിന്റെ രേഖകളിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ഭരണ സമിതിയിലെ മൂന്നംഗങ്ങൾ ഉൾപ്പെട്ട പർച്ചേസിംഗ് കമ്മറ്റിയെ നിയമിക്കാൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. സംഘത്തിന് ലഭിക്കുന്ന തുകയുടെ വിഹിതം ക്ഷീര കർഷകർക്ക് ബോണസായി ലഭിക്കേണ്ടതാണ്. എന്നാൽ, അനധികൃത ഇടപാട് നടത്തുന്നത് കാരണം കമ്മീഷൻ മറ്റു ചിലരുടെ കൈകളിലേക്കാണ് പോവുകയെന്ന് വ്യക്തം.

2019-ൽ സെക്രട്ടറി എടുത്ത പി.എഫ്.അഡ്വാൻസായ ഒന്നര ലക്ഷം രൂപ 2024 ആയിട്ടും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കാലിത്തീറ്റ സംബന്ധിച്ച വൗച്ചറുകളും ബില്ലുകളും കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.സഹകരണ നിയമം ചട്ടം 47 പ്രകാരം കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഭരണസമിതിക്കാണ്. എന്നാൽ ബില്ലുകളും വൗച്ചറുകളൂം ക്രമപ്രകാരം സൂക്ഷിക്കാതിരുന്നത് സംബന്ധിച്ച് ഭരണസമിതി നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സമാനമായ രീതിയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആക്ഷേപമുള്ള പേരാവൂർ മേഖലയിലെ മൂന്നോളം സംഘങ്ങളെക്കുറിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!