എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്’; വ്യക്തി വിവരങ്ങള്‍ അജ്ഞാതര്‍ക്ക് നല്‍കരുത്, മുന്നറിയിപ്പുമായി പൊലീസ്

Share our post

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ‘എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്’ എന്ന സാമ്പത്തികത്തട്ടിപ്പാണെന്നും വ്യക്തി വിവരങ്ങള്‍ അജ്ഞാതര്‍ക്ക് നല്‍കരുതെന്നുണമാണ് പൊലീസ് മുന്നറിയിപ്പ്.

നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരന്‍ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ സി.ബി.ഐയിലെയോ സൈബര്‍ പൊലീസിലെയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാള്‍ സംസാരിക്കുന്നു. പാഴ്‌സലിനുള്ളില്‍ എം.ഡി.എം.എയും പാസ്‌പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളുമൊക്കെയുണ്ടെന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാള്‍ പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസര്‍ എന്നു തെളിയിക്കുന്ന വ്യാജ ഐ.ഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജരേഖകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് അയച്ചുതരുന്നു. ഐ.ഡി കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാള്‍ വിഡിയോകോളില്‍ വന്നായിരിക്കും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക.

തുടര്‍ന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങള്‍ നല്കാന്‍ പൊലീസ് ഓഫീസര്‍ എന്ന വ്യാജേന തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസര്‍ സമ്പാദ്യം മുഴുവന്‍ ഫിനാന്‍സ് വകുപ്പിന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനല്‍കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവര്‍ അയച്ചുനല്‍കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങള്‍ സമ്പാദ്യം മുഴുവന്‍ കൈമാറുന്നു. തുടര്‍ന്ന് ഇവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാന്‍ സാധിക്കൂ.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവര്‍ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജന്‍സിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാന്‍ ആവശ്യപ്പെടുകയില്ല. അവര്‍ക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!