ഒൻപത് ദിവസം അയ്യപ്പ ദർശനം;ശബരിമല നട 13-ന് തുറക്കും

ഒൻപത് ദിവസം ഭക്തർക്ക് ഭഗവാനെ ദർശിക്കാൻ കഴിയുന്ന ശബരിമല തീർഥാടന കാലം വെള്ളിയാഴ്ച തുടങ്ങും.
ഓണം, കന്നിമാസ പൂജ എന്നിവ തുടർച്ചയായി വരുന്നതിനാലാണ് ഇത്രയും ദിവസം നട തുറക്കുന്നത്.അയ്യപ്പന്റെ സന്നിധിയിൽ ഭക്തർക്ക് വിഭവ സമൃദ്ധമായ സദ്യ നൽകുന്ന പൂജാകാലം കൂടിയാണിത്.13-ന് വൈകിട്ട് 5ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറക്കും.14-ന് ഉത്രാട ദിനത്തിൽ മേൽശാന്തി, തിരുവോണത്തിന് ദേവസ്വം ഉദ്യോഗസ്ഥർ പിറ്റേന്ന് പോലീസുകാർ എന്നിവരുടെ വകയാണ് സദ്യ നൽകുന്നത്.17-നാണ് കന്നി ഒന്ന്. തുടർന്ന് നാല് നാൾ കൂടി ദർശന സൗകര്യമുണ്ട്. 14 മുതൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം. പടി പൂജ, സഹസ്ര കലശം, കളഭ അഭിഷേകം, ലക്ഷാർച്ചന, പുഷ്പ അഭിഷേകം എന്നിവയും നടക്കും.21-ന് രാത്രിയിൽ നട അടക്കും. ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. സ്പോട്ട് ബുക്കിങ് സൗകര്യവും ലഭ്യമാണ്.