കണ്ണൂര്‍ വിമാനത്താവളത്തിന് തലശേരി എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ ഇ-ലേണിംഗ് ആപ്ലിക്കേഷൻ

തലശ്ശേരി : തലശ്ശേരി കോളജ് ഓഫ് എൻജിനിയറിംഗിലെ ബിടെക്, ഐ.ടി വിദ്യാർഥികള്‍ കണ്ണൂർ വിമാനത്താവളത്തിനായി ഇ-ലേണിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. എൻജിനിയറിംഗ് വിദ്യാർഥികളെ വ്യാവസായിക അന്തരീക്ഷത്തിലേക്കും പുതിയ എൻജിനിയറിംഗ് രീതികളിലേക്കും വഴികാട്ടുന്നതാണ് ആപ്ലിക്കേഷൻ. ബഹുരാഷ്‌ട്ര കമ്പനികളിലെ ജോലികള്‍ക്ക് ഉദ്യോഗാർഥികളെ സജ്ജരാക്കാനും ഇതുവഴി സാധിക്കും.
നിലവില്‍ കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ഇതുവഴി വ്യവസായവും അക്കാഡമിക് സ്ഥാപനങ്ങളും തമ്മിലുള്ള വിടവ് നികത്തി, വ്യവസായങ്ങളിലെ എൻജിനീയറിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു. മുഹമ്മദ് ഫർസീൻ, സിദാൻ മുഹമ്മദ്, മുഹമ്മദ് റിഹാൻ, റഫാൻ ഹാത്തിം എന്നീ എൻജിനീയറിംഗ് വിദ്യാർഥികളാണ് ആപ്ലിക്കേഷൻ ഒരുക്കിയത്. ഐടി വകുപ്പ് മേധാവി പി.കെ. ഷമല്‍, അധ്യാപകരായ അഖില്‍ ചന്ദ്രൻ മിനിയാടൻ, ജി.പി. നിത്യ എന്നിവരുടെ മാർഗനിർദേശം ഇതിന് പ്രേരണയായി.
കണ്ണൂർ വിമാനത്തവള മാനേജിംഗ് ഡയറക്ടർ സി. ദിനേശ്കുമാർ, സീനിയർ മാനേജർ (ഐടി) കെ. ദിനേശ്, അസിസ്റ്റന്‍റ് മാനേജർ (ഐടി) കെ.കെ. ലസിത് തുടങ്ങിയവരുടെ സഹായവും മുതല്‍ കൂട്ടായി. എംഡിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു. വിമാനത്താവളത്തിനു വേണ്ടി പുതിയൊരു ആപ്ലിക്കേഷൻ കൂടി എൻജിനിയറിംഗ് കോളജിലെ ഐടി ഡിപ്പാർട്ട്മെന്‍റിനു കീഴില്‍ വികസിപ്പിക്കാനും കണ്ണൂർ വിമാനത്താവളവും കോളജ് ഓഫ് എൻജിനീയറിംഗുമായി ഒരും ധാരണാപത്രം ഒപ്പിടാനും തീരുമാനിച്ചു.