ആത്മവിശ്വാസത്തിന്റെ ചിറകേറി നാട്ടിലേക്ക്, മുഹമ്മദ് ഇനാന്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റര്‍

Share our post

തൃശ്ശൂര്‍: മകന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് സ്വന്തം കരിയര്‍ തന്നെ മാറ്റിയെഴുതിയവരാണ് മുഹമ്മദ് ഇനാന്റെ കുടുംബം. പ്രവാസലോകത്തുനിന്ന് നാട്ടിലേക്ക് തിരിച്ചതുതന്നെ മകന് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്. ചെറു പ്രായത്തിലേ ഷാര്‍ജയിലെ അക്കാദമിയില്‍ ചേര്‍ത്തു. പരിശീലനം തുടങ്ങിയ കാലത്ത് പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകന്‍ പരഞ്ജിത്താണ് മുഹമ്മദ് ഇനാന്റെ ജീവിതം മാറ്റിമറിച്ചത്. മകന്റെ കഴിവിനെക്കുറിച്ച് പരിശീലകന്‍, പിതാവ് ഷാനവാസ് മൊയ്തൂട്ടിയോട് നിരന്തരം സംസാരിച്ചു. മികച്ച പരിശീലനവും ആത്മവിശ്വാസവും നല്‍കിയാല്‍ മകന്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഇതോടെ പതിനൊന്നാം വയസ്സില്‍ ഇനാനുമായി കുടുംബം നാട്ടിലേക്ക്.

പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. വിവിധ മത്സരങ്ങളിലെ മിന്നുംപ്രകടനങ്ങള്‍ ആത്മവിശ്വാസം നല്‍കി. കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറന്നു. ലെഗ് സ്പിന്നറായി തിളങ്ങിയെങ്കിലും മധ്യനിരയില്‍ ബാറ്റിങ്ങിലും മികച്ച ഇന്നിങ്‌സുകള്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കുള്ള വിളി ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 25 പേര്‍ക്കാണ് അവസരം കിട്ടിയത്. കഠിനാധ്വാനവും അര്‍പ്പണബോധവുമില്ലെങ്കില്‍ ക്രിക്കറ്റില്‍ ഒന്നുമാകാന്‍ കഴിയില്ലെന്നാണ് മകന്റെ നേട്ടത്തെക്കുറിച്ച് പിതാവ് ഷാനവാസ് മൊയ്തൂട്ടിക്ക് പറയാനുള്ളത്. അവന്റെ കഴിവിന് അംഗീകാരം കിട്ടിയെന്നാണ് വിശ്വസിക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് കുട്ടികളില്‍ നിന്ന് 15 പേരെ തിരഞ്ഞെടുക്കുക. അതില്‍ ഇടംപിടിക്കുക. സ്വപ്നതുല്യം എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് ഷാനവാസ്.

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഡോക്ടറെപ്പോലെ കൂടെ അമ്മ റഹീനാ ഷാനവാസുണ്ട്. സഹോദരങ്ങളായ എബി ആദം, ഐഷാ ഇശല്‍ എന്നിവരുടെ പിന്തുണ കൂട്ടായുണ്ട്. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്താണ് കുടുംബവീട്. എന്നാല്‍, പരിശീലനത്തിനും മറ്റും പോകാനുള്ള ബുദ്ധിമുട്ടിനെത്തുടര്‍ന്ന് മുണ്ടൂരില്‍ വാടകവീട് എടുത്തു. ആത്രേയ ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ദിനേശ് ഗോപാലകൃഷ്ണനായിരുന്നു ആദ്യ പരിശീലകന്‍. പി. ബാലചന്ദ്രന്റെ കീഴിലാണ് പരിശീലനം തുടരുന്നത്. കേരളവര്‍മ കോളേജില്‍ ഒന്നാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!