വിള ഇൻഷുറൻസ്; കർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിന് വേഗമേറും

Share our post

പാലക്കാട്: പ്രകൃതിക്ഷോഭത്തിൽ കൃഷിനാശമുണ്ടായ കർഷകർക്കുള്ള വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തുക വിതരണത്തിന് വേഗംകൂട്ടാൻ നടപടി. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് പ്രീമിയത്തിലെ സർക്കാർ വിഹിതത്തിൽ 24,81,70,288 കോടി രൂപ അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യാ ലിമിറ്റഡിന് (എ.ഐ.സി.ഐ.എൽ.) സംസ്ഥാന കൃഷിവകുപ്പ് കൈമാറി. 2023 ആദ്യസീസണായ ഖാരിഫിലെ തുകയടക്കം കർഷകർക്ക് കുടിശ്ശികയായ സാഹചര്യത്തിലാണിത്.

2023-24 ലെ പ്രീമിയം വിഹിതത്തിനുപുറമേ 2025-26ലെ തുക മുൻകൂറായും കൈമാറിയെന്ന് കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഖാരിഫ്, റാബി സീസണുകളിലേക്കുള്ള പ്രീമിയംതുക മുഴുവൻ സർക്കാർ നൽകിയത് കുടിശ്ശിക വിതരണത്തിനാവശ്യമായ ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കും. നെല്ല്, തെങ്ങ്, വാഴ, മാവ് തുടങ്ങിയ വിവിധ വിളകൾ നശിച്ചതിനുള്ള നഷ്ടപരിഹാരമാണ് കർഷകർക്ക് വിതരണം ചെയ്യാൻ ബാക്കിയുള്ളത്.

പൊതുവേ റാബി സീസണിലാണ് സംസ്ഥാനത്ത് കൃഷിനാശം കൂടുതൽ. ഇത്‌ മുന്നിൽക്കണ്ട് ഇക്കാലത്ത് വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർചെയ്യുന്ന കർഷകരുടെ എണ്ണം കൂടുതലാണ്. ഇക്കാലത്ത് അനുവദിക്കുന്ന നഷ്ടപരിഹാരത്തുകയിലും വർധനയുണ്ടാകും. ഇതുമൂലം അടുത്ത ഖാരിഫ് സീസണിലടക്കം കർഷകർക്കുള്ള തുക വിതരണത്തിന് കാലതാമസം വരും. ഇത് കുടിശ്ശിക വർധിക്കുന്നതിനും ഇടയാക്കും.

2022 റാബിസീസണിൽ മാത്രം 73,833 കർഷകരാണ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമായത്. ഇവർക്കുമാത്രം 80 കോടിയിലേറെ രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഇതിൽ പത്തുകോടിയിലേറെ രൂപ ഇനിയും കുടിശ്ശികയാണ്.

സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട സാങ്കേതികത്വവും പതിനായിരത്തിലേറെ കർഷകർക്ക് തുക മുടങ്ങാനിടയാക്കി. സോഫ്റ്റ്‌വേർ വഴിയുള്ള വെരിഫിക്കേഷൻ നടപടികളുടെ കാലതാമസവും തുക വൈകാൻ കാരണമാകുന്നുണ്ട്.

ആവശ്യമായ ഫണ്ട് എ.ഐ.സി.ഐ.എല്ലിൽ ഉറപ്പുവരുത്തിയാൽ മാത്രമേ കർഷകർക്ക് സമയബന്ധിതമായി തുക വിതരണം ചെയ്യാനാവൂ. സംസ്ഥാന സർക്കാരിൽനിന്ന് മുൻകൂറായി തുക ലഭിച്ചതോടെ കുടിശ്ശികവിതരണം പൂർത്തിയാക്കാനാവുമെന്ന് അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനി അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!