അമ്മയുടെ ഓഫീസ് വില്‍പ്പനക്ക് വച്ച് ഒ.എല്‍.എക്‌സില്‍ പരസ്യം

Share our post

സിനിമ സംഘടനയായ അമ്മയിലെ താരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. സോഷ്യല്‍ മീഡിയകളില്‍ സംഘടനയ്‌ക്കെതിരെയും താരങ്ങള്‍ക്കെതിരെയും വലിയ രീതിയിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ അമ്മയുടെ ഓഫീസിന് മുന്നില്‍ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ റീത്ത് വച്ച് പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അമ്മ സംഘടനയുടെ ഓഫീസ് ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ചില വിരുതന്മാര്‍. ഉടന്‍ വില്‍പ്പനയ്‌ക്കെന്ന വാചകത്തോടെയാണ് 20000 രൂപയ്ക്ക് വില്‍പ്പന പരസ്യം നല്‍കിയിട്ടുള്ളത്. കൊച്ചിയിലെ അമ്മയുടെ ഓഫീസിന്റെ ചിത്രമാണ് വില്‍പ്പന പരസ്യത്തില്‍ നല്‍കിയിട്ടുള്ളത്. 20000 സ്‌ക്വയര്‍ഫീറ്റിലുള്ള കെട്ടിടത്തില്‍ പത്ത് വാഷ്റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നല്‍കിയിട്ടുണ്ട്. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. എന്നാല്‍ പരസ്യം നല്‍കിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചിരുന്നു. കുറ്റാരോപിതനായ നടന്‍ സിദ്ദിഖ് എ.എം.എം.എ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം രാജിവെച്ചുകൊണ്ട് ഭരണസമിതി പിരിച്ചുവിട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!