കുരുമുളക് ഇറക്കുമതി തുടരുന്നതിനിടെ ഇളവുകളുമായി കേന്ദ്രം; കർഷകർക്ക് ആശങ്ക

മട്ടാഞ്ചേരി: വിദേശ രാജ്യങ്ങളിൽനിന്നുള്ള കുരുമുളക് ഇറക്കുമതിസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകളുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതോടെ, കർഷകരും കച്ചവടക്കാരും ആശങ്കയിൽ. മൂല്യവർധിത ഉത്പന്നമാക്കി തിരിച്ചയയ്ക്കാനായി വിവിധ രാജ്യങ്ങളിൽനിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ചരക്ക് ആറുമാസം വരെ കൈവശം സൂക്ഷിക്കുന്നതിന് അനുമതി നൽകാൻ വാണിജ്യ മന്ത്രാലയം ഉത്തരവായിരിക്കുകയാണ്. വിപണിയിൽ വിദേശ കുരുമുളക് കൂടുതലായി കടന്നുവരാനും അതുവഴി വില ഇടിയാനും പുതിയ ഉത്തരവ് വഴിയൊരുക്കുമെന്ന് കർഷകസമൂഹം ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി തുടരുന്നതിനിടെയാണ് അതിന് സഹായകമായ നിലപാട് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പരാതി.
കഴിഞ്ഞ മാസം മാത്രം വിവിധ രാജ്യങ്ങളിൽ നിന്നായി 5,065 ടൺ കുരുമുളകാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 4,405 ടണ്ണും ശ്രീലങ്കയിൽനിന്നായിരുന്നു. സ്വതന്ത്ര വ്യാപാര കരാർ പ്രകാരം നികുതി ഇല്ലാതെ ഇനിയും 2,000 ടൺ കൂടി ശ്രീലങ്കയിൽനിന്ന് ഇറക്കാം. ഇറക്കുമതി കൂടുന്നത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കിലോഗ്രാമിന് 14 രൂപ കുറഞ്ഞിട്ടുണ്ട്. മൂന്ന് ദിവസമായി ചെറിയ രീതിയിൽ വില ഉയരുന്നുണ്ടെങ്കിലും ആശങ്ക നീങ്ങിയിട്ടില്ല. അതേസമയം ബ്രസീലിൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞത് ആശ്വാസമാകുന്നുണ്ടെങ്കിൽ പ്രതീക്ഷിച്ച രീതിയിൽ വില ഉയരുന്നില്ല. ഉത്സവ സീസണിനു തൊട്ടുമുൻപായി കുരുമുളക് വില ഉയരുന്ന പതിവുണ്ട്. പൂജ, വിനായക ചതുർഥി ആഘോഷങ്ങൾ അടുത്തിരിക്കെ വില നല്ല രീതിയിൽ ഉയരേണ്ടതാണെന്ന് കച്ചവടക്കാർ പറയുന്നു. അടുത്ത ദിവസങ്ങളിൽ വില ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സത്തെടുക്കാനായും മറ്റും ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ ചണ്ടി വിപണിയിലേക്ക് വരുന്നുണ്ട്. ഇറക്കുമതി സ്ഥാപനങ്ങൾക്ക് ചരക്ക് സൂക്ഷിക്കാനുള്ള കാലാവധി നീട്ടിക്കൊടുത്തത് തെറ്റായ നടപടിയാണെന്ന് ഇപ്‌സ്റ്റ ഡയറക്ടർ കിഷോർ ശ്യാംജി പറയുന്നു. ഈ നടപടി കർഷകർക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.