ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 34 ലക്ഷം തട്ടി; യുവതി പിടിയില്‍

Share our post

ചവറ (കൊല്ലം): ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയത്. പോലീസ് പറയുന്നത്: സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും ഇവര്‍ പരാതിക്കാരോട് പറഞ്ഞിരുന്നു.

സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്. പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്ന വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി. കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു, എസ്.ഐ. ഗോപാലകൃഷ്ണന്‍, എ.എസ്.ഐ. മിനിമോള്‍, എസ്.സി.പി.ഒ.മാരായ രഞ്ജിത്ത്, മനീഷ്, അനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് സരിതയെ അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!