ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന എല്ലാവർക്കും അധിക പാൽവില

Share our post

കർഷകരെ ക്ഷീരമേഖലയിൽ നിലനിർത്താൻ കൂടുതൽ ആനുകൂല്യവുമായി ക്ഷീരവികസന വകുപ്പ്. ക്ഷീരസംഘത്തിൽ പാലളക്കുന്ന കർഷകർക്കെല്ലാം അധികവില നൽകാനാണ് തീരുമാനം. പാലുത്പാദനത്തിലെ സ്വയംപര്യാപ്തതയാണ്‌ നടപടികളുടെ ലക്ഷ്യം. നിബന്ധനകൾക്ക് വിധേയമായി ക്ഷീരസംഘങ്ങൾ വഴിയാകും അധികവില നൽകുക. നിലവിൽ ക്ഷീര സഹകരണ സംഘങ്ങളും മേഖലാ യൂണിയനുകളും സ്വന്തം ഫണ്ടിൽ നിന്ന്‌ സഹായധനവും അധികവിലയും നൽകുന്നുണ്ട്. അതിന് പുറമെയാണിത്. അർഹതയുള്ള കർഷകരുടെ പട്ടിക സംഘം നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും പകർപ്പ് ബ്ലോക്ക് ക്ഷീരവികസന ഓഫീസിൽ നൽകുകയും വേണം. മുൻ സാമ്പത്തികവർഷത്തെ ആകെ ലാഭത്തിന്റെ പരമാവധി 10 ശതമാനം തുക ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകാം. മൂന്നുവർഷം അറ്റലാഭത്തിൽ പ്രവർത്തിച്ച സംഘത്തിന് അധികവില നൽകാം. അധികവില നൽകുന്ന സംഘങ്ങൾ രണ്ടുവർഷത്തിൽ കൂടുതൽ ഓഡിറ്റ് കുടിശ്ശികയില്ലാത്തതും കുടിശ്ശിക വന്നത് പ്രവർത്തന അനാസ്ഥ മൂലമല്ലാത്തതുമായിരിക്കണം. ഇങ്ങനെ പണം നൽകുന്നതുകൊണ്ട് സംഘത്തിന്റെ നിലവിലെ ക്ലാസിഫിക്കേഷനിൽ കുറവുവരാൻ പാടില്ല.അധികവില നൽകുന്നത് വഴി സംഘം ജീവനക്കാരുടെ ശമ്പളത്തിലും മറ്റാനുകൂല്യങ്ങളിലും തടസ്സമുണ്ടാകരുത്‌. സംഘം നഷ്ടത്തിലാകാനും പാടില്ല. മുൻ സാമ്പത്തികവർഷം ഓഡിറ്റ് കഴിയാത്ത ക്ഷീരസംഘങ്ങൾക്ക് താത്കാലികമായി ലാഭ-നഷ്ട കണക്ക് തയ്യാറാക്കി വ്യാപാരലാഭത്തിന്റെ 10 ശതമാനം കണ്ടെത്തി അധികവില നൽകാം.ക്ഷീരകർഷകർ നൽകുന്ന പാലിന്റെ ഗുണനിലവാരത്തിന് അനുസൃതമായി അധിക പാൽവില നൽകുന്നതിന്റെ സാധ്യതകൾ സംഘങ്ങൾക്ക് പരിശോധിക്കാം. അധികവില നൽകുന്നത് നിബന്ധനകൾക്ക് വിധേയമായിട്ടാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ ഫീൽഡുതല പരിശോധനയിൽ ഉറപ്പാക്കണം. നിബന്ധനകൾ പാലിക്കാനാകാത്ത സംഘങ്ങൾക്ക് ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ മുൻകൂർ അനുമതിയോടെ അധികവില നൽകാനും അനുമതിയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!