ആരോഗ്യരംഗം ജില്ലയിലും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു

Share our post

കണ്ണൂർ : ആരോഗ്യരംഗം ജില്ലയിലും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. ജില്ലാ ആസ്പത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം ഒ പിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഒ.പി ടിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം മുതൽ ഇ-ഹെൽത്ത് മുഖേനയായി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ ജനറൽ ഒ പി., സ്പെഷ്യാലിറ്റി ഒ പി. എന്നിവ ഇ ഹെൽത്ത് വഴിയായിട്ടുണ്ട്. ജില്ലാ ആസ്പത്രിയിലെ ജനറൽ ഒ.പിയിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇ-ഹെൽത്ത് സംവിധാനം വരുന്നതോടെ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം തേടാം. വീട്ടിലിരുന്ന് ബുക്ക് ചെയ്യാവുന്ന സംവിധാനം താമസിയാതെ വരും. ഡോക്ടർമാർക്കും ആസ്പത്രിയിൽ എത്തുന്ന രോഗികൾക്കും അത് സൗകര്യമാവും. ഒ പിയിലെ തിരക്ക് കുറയ്ക്കാനും സാധിക്കും. ഇ-ഹെൽത്ത്‌ വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ ആദ്യം ഒരാളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയൽ യുനീക്ക്‌ ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ (യു എച്ച് ഐ ഡി) സൃഷ്ടിക്കണം. ആധാർ കാർഡും ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി എത്തിയാൽ ആസ്പത്രിയിലെ പ്രത്യേക ഇ-ഹെൽത്ത് കൗണ്ടറിൽ നിന്ന് ഈ സേവനം ലഭ്യമാകും. ehealth.kerala.gov.in/portal/uhid-reg എന്ന ഓൺലൈൻ ലിങ്ക് വഴി സ്വന്തമായും രജിസ്റ്റർ ചെയ്യാം. യു.എച്ച്.ഐ.ഡിയുമായി ബന്ധപ്പെടുത്തി മൊബൈൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്താൽ വീട്ടിലിരുന്നും ടോക്കൺ ബുക്ക് ചെയ്യാം. ആസ്പത്രിയിൽ ലഭ്യമായ സേവനങ്ങൾ, ചികിത്സ സമയം, ലാബ് പരിശോധന ഫലങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!