ഷിമി ചിരിച്ചു, അച്ഛനൊപ്പം; ചുട്ടുപൊള്ളുന്ന ഫ്ളെക്സ് കൂരയിൽ നിന്നും പുതിയ വീട്ടിലേക്ക്

ചേർപ്പ് (തൃശ്ശൂർ): ചുട്ടുപൊള്ളുന്ന ഫ്ളെക്സ് കൂരയിൽ ആറു മാസം മുൻപ് ഷിമിയെ കാണുമ്പോൾ അവൾ അവശയായിരുന്നു. കണ്ണുകളിൽ ഭീതിനിറഞ്ഞിരുന്നു. അരികെ നിരാശയും ആശങ്കയുമായി അച്ഛൻ ബാബുവും. കഴിഞ്ഞ ദിവസം പുതിയ വീടിന്റെ പാലുകാച്ചൽച്ചടങ്ങിന് എത്തിയ എം.എൽ.എ. ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ പുത്തനുടുപ്പും ആഭരണങ്ങളും ധരിച്ചുനിന്ന ഷിമിയുടെ മുഖത്ത് നിറയെ ആഹ്ലാദം. അച്ഛൻ ബാബുവിനും സന്തോഷം അടക്കാനായില്ല. വെങ്ങിണിശ്ശേരി ശിവപുരത്തെ ഈ കുടുംബത്തിന്റെ അവസ്ഥ മാതൃഭൂമിയിലൂടെ അറിഞ്ഞ് അവർക്ക് മനോഹരമായ വീടു നിർമിച്ചുനൽകിയത് വിയ്യൂർ ചെറാട്ടുതൃക്കോവിൽ വാരിയത്ത് സി.വി. രമേഷ് ആണ്. ശ്രീകൃഷ്ണജയന്തിദിനത്തിലെ ഈ സമ്മാനം വിലമതിക്കാനാകാത്തതും മാതൃകാപരവുമാണെന്ന് വീടിന്റെ താക്കോൽ കൈമാറിയ സി.സി. മുകുന്ദൻ എം.എൽ.എ. പറഞ്ഞു. സി.വി. രമേഷ്, രമേഷിന്റെ ഭാര്യയും മുൻ ബാങ്ക് ഉദ്യോഗസ്ഥയുമായ രേഖ, മകളും വിദ്യാർഥിനിയുമായ രേഷ്മ,പാറളം പഞ്ചായത്ത് പ്രസിഡൻറും ഈ കുടുംബത്തിന്റെ സഹായസമിതിക്ക് നേതൃത്വംനൽകിയയാളുമായ മിനി വിനയൻ, ടി.എം. സുകുമാരൻ എന്നിവരും ജനപ്രതിനിധികളും ചടങ്ങിന് സാക്ഷിയായി.
‘മകളെ സുരക്ഷിതമാക്കാൻ ഈ അച്ഛനു വേണം, അടച്ചുറപ്പുള്ള വീട്’ എന്ന തലക്കെട്ടിൽ ഫെബ്രുവരി 23-ന് മാതൃഭൂമിയിൽ വന്ന വാർത്ത വായിച്ച സി.വി. രമേഷ് മണിക്കൂറുകൾക്കകം സ്ഥലത്തെത്തി വീടുപണിക്ക് തുടക്കമിട്ടു. ഏഴര ലക്ഷം രൂപ ചെലവാക്കി ആറു മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കി. ജില്ലാ കൃഷി ഓഫീസിൽ അസിസ്റ്റന്റ് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസറായി രണ്ടു കൊല്ലം മുൻപ് വിരമിച്ച രമേഷ് നിലവിൽ ഇസ്രയേൽ കമ്പനിയുടെ സംസ്ഥാനതല കൺസൾട്ടന്റാണ്. സഹായസമിതിയുടെ ബാങ്ക് അക്കൗണ്ടിൽ 1.68 ലക്ഷം രൂപ വന്നിട്ടുണ്ട്. അത് ഷിനിയ്ക്ക് കൈമാറുമെന്ന് സഹായസമിതി പറഞ്ഞു.
പട്ടയം കിട്ടിയ രേഖകൾ ഇല്ലാത്തതിനാൽ വൈദ്യുതി ലഭിക്കാതെ കാറ്റോ വെളിച്ചമോ എത്താത്ത കുടിലിലായിരുന്നു രോഗിയായ അച്ഛനും മകളും താമസിച്ചിരുന്നത്. ഷിനിയെ പ്രസവിച്ചയുടനെ അമ്മ ഷീല മരിച്ചു. കുറച്ചുനേരം നിന്നാൽ ഷിനി തലകറങ്ങിവീഴും. മകളെ തനിച്ചാക്കി ബാബുവിന് ജോലിക്കു പോകാനുമാകുന്നില്ല. പട്ടയം കിട്ടിയ ഭൂമിയുടെ രേഖകൾ ബാബുവിന്റെ കൈയിലില്ല. രേഖ കാണുന്നില്ല എന്ന മറുപടിയായിരുന്നു ബന്ധപ്പെട്ട അധികാരികൾക്ക്.