ജീവനക്കാര്‍ പോലുമില്ല; കൂട്ടരാജിക്ക് പിന്നാലെ ഷട്ടറിട്ട് കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനം

Share our post

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ ആളൊഴിഞ്ഞ് കൊച്ചിയിലെ ‘അമ്മ’ സംഘടനാ ആസ്ഥാനം. സാധാരണഗതിയില്‍ ജീവനക്കാര്‍ ഉണ്ടാവുന്ന മുന്‍വശമടക്കം പൂട്ടിയാണ് ആസ്ഥാനത്തിന് ഷട്ടറിട്ടത്. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.’അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!