കൊച്ചി: ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു. അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും. മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്‌പെന്‍സിനൊടുവില്‍ പുറത്തുവന്നതിന്റെ ബാക്കിപത്രമാണ് താരസംഘടനയിലെ കൂട്ടരാജി. നേരത്തെ ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടർന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേൽക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നു.
ഇതോടെ താരസംഘടന കടുത്ത സമ്മർദത്തിലായി. തുടർന്ന് വിശദീകരണം നൽകാൻ പ്രസിഡന്റ് മോഹൻലാൽ നേരിട്ട് വാർത്താ സമ്മേളനം നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അസൗകര്യംമൂലം എത്താൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം അറിയിച്ചു. മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂട്ട രാജി.
അടിമുടി ആണധികാരവാഴ്ചയുടെ രംഗമാണ് സിനിമയെന്നാണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം. ലൈംഗികപീഡനമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു പ്രമുഖനടന്‍ മുന്‍പുനടത്തിയ ‘മാഫിയ’ വിശേഷണം ശരിവെച്ച്, ഒരു പ്രബലസംഘത്തിന്റെ സ്വാധീനത്തിലാണ് മലയാളസിനിമയെന്നും കമ്മിറ്റി വെളിപ്പെടുത്തി. എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവര്‍ വാഴിക്കില്ല. അങ്ങനെചെയ്യുന്നവരെ വിലക്കുന്നതാണ് മലയാളസിനിമയിലെ ഇന്നത്തെ പ്രവണതയെന്നും സമിതി തുറന്നടിച്ചു. മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോപോലും സ്ത്രീകള്‍ക്കു സൗകര്യമൊരുക്കാതെയുള്ള മനുഷ്യാവകാശലംഘനത്തില്‍ ‘അമ്മ’ പോലുള്ള സംഘടനകളില്‍ പരാതിവന്നിട്ടും ഫലമില്ല. സംഘടനകളും യൂണിയനുകളുമൊക്കെ നിയമവിരുദ്ധമായി ചലച്ചിത്രരംഗത്ത് വിലക്കേര്‍പ്പെടുത്തുന്നതും പതിവ്. സിനിമയില്‍ 2000 വരെ തൊഴില്‍ കരാറുണ്ടായിരുന്നില്ല. നിര്‍മാതാവും നായികാനായകന്മാരും തമ്മിലുള്ളതൊഴിച്ച് മറ്റാരും കരാറുണ്ടാക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അക്കമിട്ടുപറഞ്ഞ കമ്മിറ്റി, ശക്തമായ നിയമവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ സ്വതന്ത്ര ഫോറവും ട്രിബ്യൂണലും രൂപവത്കരിക്കാനും ശുപാര്‍ശ നല്‍കി.
ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവി’ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 2017 നവംബര്‍ 16-ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബര്‍ 31-ന് സമിതി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒടുവില്‍, വിവരാവകാശ അപേക്ഷകള്‍ പരിഗണിച്ച് ഇക്കഴിഞ്ഞ ജൂലായ് ആറിന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. ഇതിനെതിരേ, നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയിലെത്തി. വ്യക്തികളുടെ മൊഴികളും സ്വകാര്യതയും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് കോടതി ശരിവെച്ചു. സര്‍ക്കാര്‍ അതിനു തയ്യാറെടുക്കവേ, ചലച്ചിത്രനടി രഞ്ജിനിയും കോടതിയിലെത്തി. ഹര്‍ജി സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുംമുമ്പേ തിങ്കളാഴ്ച രണ്ടരയ്ക്ക് സാംസ്‌കാരികവകുപ്പ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഭാഷിണി തങ്കച്ചി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.