മെഡിക്കൽ പി.ജി. സീറ്റ് അനുപാതം പുതുക്കി; സർക്കാർ കോളേജുകൾക്ക് മുന്തിയ പരിഗണന

തൃശ്ശൂർ: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അനുപാതത്തിലാണ് കാര്യമായ മാറ്റം. കൂടുതൽ സീറ്റുകളുറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.പി.ജി. കോഴ്സുകളുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർക്ക് മൂന്ന് വിദ്യാർഥികളെന്നതാണ് പുതിയ അനുപാതം. അടുത്തിടവരെ ഒരാൾക്കായിരുന്നു അവസരം. ഇടയ്ക്ക് രണ്ടാക്കിയിരുന്നു. മൂന്നുപേരുടെ ഗൈഡാകാൻ ഒരാൾക്ക് അനുമതി കിട്ടുന്നതോടെ സീറ്റുകളുടെ എണ്ണം കൂട്ടാനാകും.
15 വർഷത്തിലധികമായി പ്രവർത്തിക്കുന്ന, പി.ജി. തുടങ്ങിയിട്ട് 10 വർഷത്തിലേറെയായ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർക്കും മൂന്ന് വിദ്യാർഥികളെ അനുവദിക്കും. മറ്റ് സ്വകാര്യ കോളേജുകളിൽ രണ്ടുപേർക്കാണ് അനുമതി. പ്രൊഫസറാകാനുള്ള യോഗ്യതയുണ്ടായിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സ്ഥാനക്കയറ്റം കിട്ടാത്ത അസോസിയേറ്റ് പ്രൊഫസർമാർക്കും മൂന്നുപേരുടെ മേൽനോട്ടം വഹിക്കാനാകും. അസോസിയേറ്റ് പ്രൊഫസർമാർക്ക് രണ്ടുപേരുടെ ചുമതലയാണ് സർക്കാർ കോളേജുകളിലും യോഗ്യതയുള്ള സ്വകാര്യ കോളേജിലും കിട്ടുക. ഈ യോഗ്യതയില്ലാത്ത സ്വകാര്യ കോളേജിന് ഒരാളെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള വിദ്യാർഥികളുടെ അനുപാതത്തിലും വർധന വരുത്തിയിട്ടുണ്ട്. സീറ്റ് വർധനയ്ക്കുള്ള സാധ്യത കേരളത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിരുദ- ബിരുദാനന്തര സീറ്റുകള്‍ ഒരു പോലൊകും
പുതിയ മാനദണ്ഡം മെഡിക്കല്‍ പിജിക്ക് കൂടുതല്‍ പഠനാവസരം ഉണ്ടാക്കും. ക്ലിനിക്കല്‍ മെറ്റീരിയല്‍ കൂടുതല്‍ ലഭിക്കുമെന്നതാണ് സര്‍ക്കാര്‍ മേഖലയുടെ പരിഗണനയ്ക്ക് കാരണം. പിജി സീറ്റുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തി ബിരുദ സീറ്റുകള്‍കൊപ്പം എത്തിക്കുകയാണ് ആത്യന്തിക ലക്ഷ്യം
ഡോ മോഹനന്‍ കുന്നുമ്മല്‍
ദേശീയ മെഡിക്കല്‍ കമ്മീഷനംഗം, കേരള ആരോഗ്യ സര്‍വകലാശാല വിസി