ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി തെരച്ചില്‍; ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി

Share our post

ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍. എൻ.ഡി.ആർ.എഫ്, സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിളിച്ച പുനരധിവാസ ആലോചന യോഗത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ ഇവിടെ വീണ്ടും തെരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. 14 അംഗ ടീമിന് ഉപകരണങ്ങള്‍ എത്തിച്ച് നല്‍കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ദുർഘട മേഖലയിലെ തെരച്ചില്‍ ആയതിനാല്‍ സാറ്റ്‍ലൈറ്റ് കമ്യൂണിക്കേഷനും ഒരുക്കിയിരുന്നു. ആവശ്യമെങ്കില്‍ എയർലിഫ്റ്റും സജ്ജമാക്കിയാണ് തെരച്ചില്‍ നടത്തിയത്. കണ്ടെത്തിയ ആറ് ശരീരഭാഗങ്ങള്‍ തിരിച്ചറിയാനായി മേപ്പാടിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നത്തെ തെരച്ചിലിന്‍റെ പുരോഗതിക്ക് അനുസരിച്ച് തെരച്ചില്‍ തുടരാമെന്നാണ് നേരത്തെ എടുത്ത തീരുമാനം. രാവിലെ 6 മുതല്‍ വൈകിട്ട് മൂന്നര വരെ തെരച്ചിലിന് പദ്ധതിയിട്ടിരുന്നുവെങ്കിലും മഴയെ തുടര്‍ന്ന് തെരച്ചില്‍ ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ അവസാനിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!