വയനാട് ദുരന്തഭൂമിയില്‍ നാളെ സ്കൂള്‍ തുറക്കുന്നു, വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മേപ്പാടി ഹൈസ്കൂളിൽ

Share our post

കല്‍പ്പറ്റ:വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജി.വി.എച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്കൂൾ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക.മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. മേപ്പാടിയിൽ താൽക്കാലിക സംവിധാനം ഒരുക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് മേപ്പാടി ഹൈസ്കൂളിൽ ക്രമീകരണങ്ങൾ വേഗത്തിലാക്കുന്നത്.ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ രണ്ട് സ്കൂളുകളാണ് പുനക്രമീകരിക്കേണ്ടത്. മുണ്ടക്കൈ എൽ പി സ്കൂൾ, മേപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ എ.പി.ജെ ഹാളിലാണ് താല്‍ക്കാലികമായി ഒരുക്കുന്നത്. നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ചെറിയ കുട്ടികൾ ആയതിനാൽ സുരക്ഷ കൈവരികൾ എന്നിവ ഉള്‍പ്പെടെ ആവശ്യമാണ്. ശുചിമുറികളും തയ്യാറാക്കണം.ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!