പൊളിയാണ്‌ മങ്ങാട്ടെ റേഷൻകട

Share our post

ന്യൂമാഹി: വായിക്കാൻ ദിനപത്രങ്ങൾ. ദാഹമകറ്റാൻ മൺകൂജയിൽ വെള്ളം. വിശ്രമിക്കാൻ കസേര. ഇതൊരു റേഷൻ കടയാണെന്ന്‌ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. എന്നാൽ, സത്യമാണത്‌. കവിയൂർ മങ്ങാട്ടെ 281–-ാം നമ്പർ കടയിലാണ്‌ ഈ സുന്ദര കാഴ്‌ച. ഇവിടെ റേഷൻ വാങ്ങാൻ വരുന്നവർക്ക്‌ മുഷിപ്പില്ലാതെ എത്രനേരം വേണമെങ്കിലും കാത്തിരിക്കാം. റേഷൻ കടയെന്ന പതിവ്‌ സങ്കൽപ്പത്തെ അടിമുടി മാറ്റുകയാണ്‌ കെ പി വത്സൻ കരിയാട്‌.
ഏതൊക്കെ സാധനങ്ങളാണ് റേഷൻ കടയിലുള്ളത്, സെർവറിന്റെ ഇപ്പോഴത്തെ അവസ്ഥ, റേഷൻ വിതരണ കാലാവധി നീട്ടിയോ തുടങ്ങിയ എല്ലാവിവരങ്ങളും നോട്ടീസ്‌ ബോർഡിലുണ്ട്‌. ഇ-–-പോസ് സംവിധാനത്തിലേക്ക് മാറിയതോടെയാണ്‌ കൂടുതൽ സൗകര്യത്തോടെ കട നവീകരിച്ചത്‌. ഏഴുവർഷത്തോളം കരിയാട്‌ കിടഞ്ഞിയിലാണ് വത്സൻ റേഷൻ കട നടത്തിയത്‌. മാളികക്കണ്ടി ജയപാലന്റെ ഉടമസ്ഥയിലായിരുന്ന മങ്ങാട്ടെ റേഷൻ കട ഏറ്റെടുത്തിട്ട്‌ ഒന്നര വർഷമായി. ഉപഭോക്താക്കൾക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നത്‌ കണക്കിലെടുത്താണ്‌ സൗകര്യങ്ങൾ ഏർപ്പടുത്തിയതെന്ന്‌ വത്സൻ കരിയാട്‌ പറഞ്ഞു.റേഷൻ വിതരണം മാത്രമല്ല, പത്രവായനയിലേക്കും നാടിനെ നയിക്കും വത്സന്റെ റേഷൻ കട. റേഷൻ വാങ്ങാനെത്തുന്നവർ കുറച്ചുസമയം പത്രം വായിക്കാതെ ഇവിടെനിന്ന്‌ മടങ്ങാറില്ല. സപ്ലൈ ഓഫീസിന്റെ പിന്തുണയും ഈ മാറ്റത്തിനെല്ലാം പിന്നിലുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!