കേരളത്തെ പച്ചയണിയിക്കാന്‍ കൊകെഡാമ; ജാപ്പനീസ് പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

കൊച്ചി: കേരളത്തിന് പുതിയ ഹരിതാഭയേകാന്‍ കൊകെഡാമ എന്ന ജാപ്പനീസ് പദ്ധതി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) ഏറ്റെടുത്ത് നടപ്പാക്കുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ഈ അധ്യയന വര്‍ഷത്തെ പ്രധാന പ്രവര്‍ത്തന പരിപാടികളില്‍ ഒന്നാണിത്. എല്ലാ സ്‌കൂളുകളിലും കൊകെഡാമ നിര്‍മിച്ച് അതില്‍ ചെടികള്‍ നടണമെന്നാണ് നിര്‍ദേശം.ജല സംരക്ഷണവും വായു സംരക്ഷണവും പഠിക്കാന്‍ കുട്ടികള്‍ക്ക് കൊകെഡാമ സഹായകമാകുമെന്നാണ് എന്‍.എസ്.എസ്. അധികൃതര്‍ അഭിപ്രായപ്പെടുന്നത്. കൊകെഡാമയില്‍ നടുന്ന ചെടികള്‍ വീടുകളിലും മുറികളിലും വയ്ക്കുന്നതോടെ അവിടത്തെ വായു ശുദ്ധീകരിക്കപ്പെടും. ‘കൊകെ’ എന്നാല്‍ ‘പായല്‍’ എന്നും ‘ഡാമ’ എന്നാല്‍ ‘പന്ത്’ എന്നുമാണ് ജാപ്പനീസ് ഭാഷയില്‍ അര്‍ഥം. മണ്ണ് കുഴച്ച് അത് പന്തുപോലെ ഉരുട്ടിയെടുത്താണ് കൊകെഡാമ ഉണ്ടാക്കുന്നത്.
പന്തിന്റെ രൂപത്തിലാക്കിയ മണ്ണിനുമുകളില്‍ നേര്‍ത്ത തുണി കൊണ്ട് പൊതിയും. അതിനുമുകളില്‍ ചീന്തിയെടുത്ത പായല്‍ പൊതിഞ്ഞ് അത് നൂലിനാല്‍ തുന്നിയെടുത്താണ് കൊകെഡാമ അഥവാ പായല്‍പന്ത് ഉണ്ടാക്കുന്നത്.വീടുകളില്‍ ചരടില്‍ തൂക്കിയിട്ടോ നിലത്ത് വെച്ചോ കൊകെഡാമകളില്‍ ചെടികള്‍ നടാനാകും. കൊകെഡാമയില്‍ ചെറിയ തോതില്‍ വെള്ളം തളിച്ച് ചെടിയെ സംരക്ഷിക്കാനാകും. ഇത്തരത്തില്‍ പായല്‍പന്ത് നിര്‍മിക്കാന്‍ എല്ലാ സ്‌കൂളുകളിലെയും എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്ക് പരിശീലനം നല്‍കിവരുകയാണ്. എന്‍.എസ്.എസ്. യൂണിറ്റുകളില്‍ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചതോടെ സംസ്ഥാനത്തെ 1600-ഓളം സ്‌കൂളുകളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും.ഓരോ സ്‌കൂളിലെയും എന്‍.എസ്.എസ്. യൂണിറ്റുകളില്‍ 100 കുട്ടികള്‍ വീതം വൊളന്റിയര്‍മാരായാല്‍ 1.6 ലക്ഷം കുട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമാകും. ഓരോ കുട്ടിയും കുറഞ്ഞത് പത്ത് കൊകെഡാമ എങ്കിലും നിര്‍മിച്ചാല്‍ പോലും 16 ലക്ഷം പായല്‍പന്തുകള്‍ കേരളത്തിലുണ്ടാകും. അതിലൂടെ അത്രയുംതന്നെ ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള സാധ്യതയുമാണ് തെളിയുന്നതെന്ന് എന്‍.എസ്.എസ്. കോഡിനേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.